Home Blog

അതിരാത്രവും ഡെസ്കിലെ അനുഭവവും

0

കൈതപ്രം ഗ്രാമത്തിൽ സോമയാഗം നടക്കുന്ന പാശ്ചാത്തലത്തിൽ ഇതുപോലെ ഒരു അനുഭവം തൃശൂർ ജില്ലയിൽ നടന്നപ്പോൾ മാതൃഭൂമിയിൽ അത് എഡിറ്റ് ചെയ്യാൻ കിട്ടിയ അവസരത്തെ കുറിച്ച് പറയട്ടെ. അതിരാത്രം എന്താണെന്ന് ജനങ്ങൾക്ക് ഇപ്പൊൾ അറിവുണ്ടാവും. അതിരാത്രം ഈ തലമുറയിൽ ഇല്ലാതിരുന്ന
കാലത്ത് കുണ്ടൂരിൽ 1990 ൽ അത് നടന്നപ്പോൾ റിപ്പോർട്ട് ചെയ്തത് ഞങ്ങളുടെ മാതൃഭുമി ഗുരു ഉത്തമാജി ആയിരുന്നു.

അന്ന് കൊച്ചി ഡെസ്കിൽ ഉത്തമാജി അയക്കുന്നവ കൈകാര്യം ചെയ്തത് ഞാനാണ്. സംസ്കൃത ജഡിലമായ റിപ്പോർട്ടുകൾ സാധാരണക്കാരന് മനസ്സിലാവും വിധം കൈകാര്യം ചെയ്യാൻ ഞാൻ ഏറെ പണിപ്പെട്ടു.

ഉത്തമകുറുപ്പ്

 

പല വാക്കുകളുടെയും അർഥം ഞാൻ ഉത്തമാജീയോട് തന്നെ ചോദിക്കുമായിരുന്നു. ഉദാഹരണത്തിന് ഇഷ്ടി എന്താണെന്ന് ഞാൻ ചോദിച്ചു. യാഗം എന്ന് മറുപടിയും വന്നു. എല്ലാം ഉത്തമാജിക്ക് കാണാപ്പാഠം ആയിരുന്നു. ഒരിക്കൽ ഉത്തമാജി അത് സംബന്ധമായ ചില പുസ്തകങ്ങളും ലഘുലേഖകളും എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു. കയ്യിൽ വെച്ചോളൂ. എപ്പോഴെങ്കിലും വേണ്ടിവന്നാലോ എന്ന്.

ഞാൻ റിട്ടയർ ചെയ്യുന്നതുവരെ വേണ്ടിവന്നില്ല. അതിരാത്രം നടക്കുമ്പോൾ ഉത്തമാജി വെളുപ്പിന് മൂന്നുമണിക്ക് ഒക്കെ കുളിച്ചു യജമാനൻ്റെയും പത്നിയുടെയും സമീപം ചെല്ലുമായിരുന്നു. അരണി കിടഞ്ഞ് തീ ഉണ്ടാക്കൽ തുടങ്ങി പല കാര്യങ്ങളും ആദ്യ ദിവസങ്ങളിൽ മാതൃഭൂമിയിൽ മാത്രമായിരുന്നു വന്നത്. പിന്നീടു ഇംഗ്ലീഷ് പത്രങ്ങൾ ഉൾപ്പെടെ കൊടുക്കാൻ തുടങ്ങി.

 

കുണ്ടൂരിൽ അതിരാത്രവും പാഞാളിൽ സോമയാഗവും ആണ് നടന്നത് എന്നാണ് ഓർമ്മ. ഒരിക്കൽ ഉത്തമാജിയെ സഹായിക്കാൻ തൃശൂർ ലേഖകൻ ആയിരുന്ന ശങ്കര നാരായണനെയും കമ്പനി നിയോഗിച്ചു. ഇതിൽ ശങ്കരൻ സൈഡ്ലൈറ്റ്‌സ് മാത്രവും ഉത്തമാജി ചടങ്ങുകളുടെ വിശദ വിവരങ്ങളും തന്നു. ഒരു വ്യത്യാസം ഉണ്ടായിരുന്നു. ഉത്തമാജി നടന്ന ചടങ്ങുകളുടെ വിവരണവും ശങ്കരൻ പിറ്റേന്ന് എന്ത് നടക്കുന്നു എന്ന വിവരണവും ആണ് തന്നിരുന്നത്.

സ്വാഭാവികമായും ഉത്തമാജിയുടെ ഐറ്റം പ്രധാനമായി കൊടുക്കുകയും ശങ്കരൻ്റെത് എഡിറ്റ് ചെയ്ത് കൂടെ കൊടുക്കുകയും ആണ് പതിവ്. അവസാനത്തിന് മുൻപുള്ള ദിവസം ഇത് രണ്ടും വായിച്ചപ്പോൾ എനിക്ക് തോന്നി ശങ്കരൻ തന്ന ഐറ്റം ലീഡ് ആക്കാം എന്ന്.

യാഗശാല അവസാന ദിവസം അഗ്നിക്കിരയാവും. ഉത്തമാജി അത് തന്നിരുന്നില്ല. ശങ്കരൻ്റെ റിപ്പോർട്ടിൽ അത് വ്യക്തമായി പറയുന്നുണ്ടായിരുന്നു. എന്നേക്കാൾ എത്രയോ സീനിയർ ആയ ഉത്തമാജിയുടെ റിപ്പോർട്ടിൻ്റെ ലീഡ് ഞാൻ മാറ്റി. പിന്നീട് അതിരാത്രം കഴിഞ്ഞു ഉത്തമാജി കലൂർ ഓഫീസിൽ എത്തിയപ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞു . അദ്ദേഹം പറഞ്ഞു അത് നന്നായി എന്ന്. ഇപ്പൊൾ സോമായാഗം നടക്കുമ്പോൾ ആരെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ടോ?

പ്രളയവും എന്റെ നഷ്ടങ്ങളും

1

2018ൽ കേരളത്തെ ഗ്രസിച്ച മഹാപ്രളയത്തിൽ വിലമതിക്കാനാകാത്ത നൂറുകണക്കിന് പുസ്തകങ്ങൾ നഷ്ടപ്പെട്ടതാണ് എന്നെ ഇന്നും സങ്കടപ്പെടുത്തുന്നത്. കളമശ്ശേരിയിൽ ഞങ്ങൾ താമസിക്കുന്ന ഗ്രൗണ്ട് ഫ്ലോർ ഫ്‌ളാറ്റിൽ ഏട്ടടി ഉയരത്തിൽ വെള്ളം കയറി. കനത്ത നാശനഷ്ടമാണ് എനിക്കുണ്ടായത്. അതിൽ തീരാനഷ്ടമായി ഞാൻ കണക്കാണുന്നത് മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട് വാങ്ങുകയും ശേഖരിക്കുകയും പലപ്പോഴായി സമ്മാനമായി ലഭിക്കുകയും ചെയ്ത പുസ്തകങ്ങൾ വെള്ളം കയറി എന്നന്നേക്കുമായി നശിച്ചുപോയതാണ്. നഷ്ടപ്പെട്ടവയിൽ കുറെയെണ്ണം എന്റെ ഓർമ്മയിൽ നിന്നെടുത്ത് ഇവിടെ കൊടുക്കുന്നു.

മാതൃഭൂമി ബുക്‌സോ, സി ഐ സി സി ജയചന്ദ്രനോ, ഡി സി യോ കുറച്ചെങ്കിലും തന്നിരുന്നെങ്കിൽ അതൊരു വലിയ സഹായവും ആശ്വാസവുമാകുമായിരുന്നു.

നഷ്ടപ്പെട്ട പുസ്‌തകങ്ങളുടെ പട്ടിക നീണ്ടു പോകാതിരിക്കാൻ കുറെയെണ്ണം മനപ്പൂർവ്വം ഒഴിവാക്കിയിട്ടുണ്ട്. വാങ്ങിയശേഷം ഇഷ്ടപ്പെടാതിരുന്ന അവകാശികൾ ഉൾപ്പെടെ കുറെ പുസ്തകങ്ങൾ ഒഴിവാക്കിയവയിൽ പെടുന്നു.

നഷ്ടപ്പെട്ട പുസ്തകങ്ങളിൽ കുട്ടിക്കൃഷ്ണ മാരാരുടെ ഭാരത പര്യടനം, ഡി സി യുടെ ശബ്ദതാരാവലി, പുരാണിക് എൻസൈക്കളോപീഡിയ, സഞ്ജയ് ബാരു എഴുതിയ ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ, എം കെ കെ നായരുടെ ആരോടും പരിഭവമില്ലാതെ, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ, യു എ ഖാദറിന്റെ തൃക്കോട്ടൂർ പെരുമ, വി കെ മാധവൻകുട്ടിയുടെ പത്രപ്രവർത്തനം എന്ന യാത്ര, ഖലീൽ ജിബ്രാന്റെ ദി പ്രോഫറ്റ്, ബ്രോക്കെൻ വിങ്‌സ്, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല, ലോഗന്റെ മലബാർ മാനുവൽ, മാധവൻ നായരുടെ മലബാർ കലാപം, സേതു, മുകുന്ദൻ, എം ടി, എസ് കെ പൊറ്റെക്കാട്ട്, മലയാറ്റൂർ, സി രാധാകൃഷ്ണൻ, റോസി തോമസ് എഴുതിയ ഇവൻ എന്റെ പ്രിയ സീ ജെ, മലയാറ്റൂർ, ഒ വി വിജയൻ, തകഴി, മാധവിക്കുട്ടി തുടങ്ങിയവരുടെ പുസ്തകങ്ങൾ, കെ രാധാകൃഷ്ണൻ, കെ രഘുനാഥൻ, ആർ കെ ദാമോദരൻ, എസ് കൃഷ്ണൻകുട്ടി എന്നിവരുടെ പുസ്തകങ്ങൾ എന്നിവ പെടുന്നു.

കെ എ അബ്ബാസ്സിന്റെ മേരാ നാം ജോക്കർ (ഇംഗ്ലീഷ്), വി ആർ കൃഷ്ണ അയ്യരുടെ ജീവചരിത്രം, അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്‌സ് (അത് വായിച്ചിട്ടില്ല, വേണമെന്നുമില്ല) , പിന്നെ കുട്ടിക്കാലത്തു വായിച്ച കമലാദാസിന്റെയും മറ്റും ഇംഗ്ലീഷ് കവിതകൾ , കൺഫെഷൻ ഓഫ് എ ഡ്രഗ് അഡിക്ട് ( ഓതർ ഓർമ്മയില്ല ), പഴയ ഇല്ലസ്ട്രേറ്റഡ് വീക്കിലികൾ എന്നിവയും നഷ്ടപ്പെട്ടു. .ഇവയിൽ പലതും എനിക്ക് ഏറെ ഇഷ്ടപ്പെട്ടവയായിരുന്നു.

അങ്ങനെ അങ്ങനെ ഒട്ടേറെ പുസ്തകങ്ങൾ… ഇതാണ് വലിയ നഷ്ടം… നികത്തപ്പെടാനാകാത്ത നഷ്ടം.

കെ എൻ ഷാജി എഡിറ്റ് ചെയ്ത ജോൺ അബ്രഹാം , ചിത്രകാരൻ എ എസ്, പത്രപ്രവർത്തകൻ കെ ജയചന്ദ്രൻ എന്നിവരുടെ ജീവചരിത്ര പുസ്തകങ്ങൾ , ഇനിയും കുറെ വരും . മാതൃഭൂമിയിൽ ചേർന്നപ്പോൾ ഡെപ്യൂട്ടി എഡിറ്റർ വി എം കൊറാത്ത് തന്ന മാതൃഭൂമിയുടെ ചരിത്രവും ( കറുത്ത ചട്ട), നഷ്ടപ്പെട്ടവയിൽ പെടുന്നു. ഇംഗ്ലീഷ് പുസ്തകങ്ങൾ കുറെ വേറെ വരും . അതിലധികവും മോൾ വരുമ്പോൾ ഞങ്ങൾ മൂന്നു പേരും കൂടി ഡി സി യിലും സി ഐ സി സി യിലും ബ്ലോസം ബുക്സിലും നിന്ന് വാങ്ങിയവയാണ്. ഓൺലൈൻ വഴി വാങ്ങിയവ വേറെയും. മോൾ വാങ്ങിയ ചേതൻ ഭഗത് , അമിഷ് ത്രിപാഠി തുടങ്ങിയവരുടെ പുസ്തകങ്ങൾ എന്നിവയെല്ലാം നഷ്ടപ്പെട്ടവയിൽ പെടും . ഭാര്യയുടെ ശേഖരത്തിൽപ്പെട്ട രാമായണം, മഹാഭാരതം, ഭഗവദ് ഗീത എന്നിവ ഞാനും വായിച്ചിരുന്നു. അതുകൂടാതെ അവർ ആവശ്യപ്പെട്ടത് പ്രകാരം ഗുരുവായൂരിൽ നിന്നും കുരുക്ഷേത്ര ബുക്സിൽ നിന്നും വാങ്ങിയ കുറെയേറെ പുസ്തകങ്ങൾ.

ഞാൻ എം എ ക്കു പഠിച്ചപ്പോൾ കാശ് കൊടുത്തു വാങ്ങിയ സ്റ്റോണിയർ ആൻഡ് ഹേഗിന്റെ പ്രൈസ് തിയറി മുതലായ പുസ്തകങ്ങളും പോയി. അത് പോട്ടെ എന്ന് വെക്കാം. പ്രഭാത് ബുക്ക്സ് പ്രസിദ്ധീകരിച്ച മൂലധനം തുടങ്ങിയ മലയാള വിവർത്തനങ്ങൾ, പി യുടെ ആത്മകഥയായ കവിയുടെ കാൽപ്പാടുകൾ, നമ്പ്യാർ സാറിന്റെ നല്ല ഇംഗ്ലീഷ് ആദ്യ പതിപ്പ് ,വി രാജഗോപാലിന്റെ ഒരു പുസ്തകം, സുനിൽ ഞാളിയത്ത് ബംഗാളിയിൽ നിന്നും പരിഭാഷപ്പെടുത്തിയ പുസ്‌തകങ്ങൾ, വിവേകാനന്ദ സാഹിത്യ സർവ്വം, ഞാൻ എഴുതിയ ലേഖനങ്ങളുടെ കൈപ്പടകൾ, പഴയ മാതൃഭൂമി പത്രങ്ങൾ, ആഴ്ചപ്പതിപ്പ് ശേഖരം ബൈൻഡ് ചെയ്തു സൂക്ഷിച്ചത് …അങ്ങനെ അങ്ങനെ പോകുന്നു നഷ്ടങ്ങളുടെ കണക്ക്, പറഞ്ഞാൽ തീരില്ല. ഇവ നഷ്ടപ്പെട്ടതാണ് സഹിക്കാനാകാത്തത്…

അഞ്ചു ദിവസം വീട് മുഴുവൻ വെള്ളത്തിൽ ആയിരുന്നു. തിരിച്ചു വന്നപ്പോൾ വെള്ളത്തിൽ കുതിർന്ന പുസ്തകങ്ങളാണ് കണ്ടത് . വെയിലത്ത് ഇട്ടു ഉണക്കിയെങ്കിലും പേജുകൾ കൂട്ടിപ്പിടിച്ച അവസ്ഥയിൽ തുറക്കാനാവാത്ത സ്ഥിതിയായിരുന്നു. എന്നിട്ടും ചിലതു അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്. പക്ഷെ തുറക്കാനാവില്ല. എന്റെ എസ്‌ എസ് എൽ സി പുസ്തകവും കൂട്ടത്തിൽ എവിടെയോ പോയി. ഞങ്ങൾ പോയപ്പോൾ ബാഗുകൾ കാറിൽ വെച്ചിരുന്നതിനാൽ ആധാരം, ആധാർ കാർഡുകൾ , ബാങ്ക് പാസ് ബുക്കുകൾ തുടങ്ങിയവ നഷ്ടമായില്ല.

എന്റെയും വക്കീലിന്റെയും അറിവുകേട്

0

1979 ൽ എം എ പാസ്സായ ശേഷം ഞാൻ അഭിമുഖീകരിച്ച ഏറ്റവും നല്ല ഇന്റർവ്യൂ മാതൃഭുമിയിലേതായിരുന്നു. അതിനു മുൻപ് കോളേജ് അധ്യാപക നിയമനത്തിനുള്ള പല ഇന്റർവ്യൂകളിലും ഹാജരായിട്ടുണ്ട്. തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിൽ വെച്ചായിരുന്നു ജൂനിയർ ലെക്ചർഴ്സ് ഇന്റർവ്യൂ. ചോദ്യങ്ങൾക്കു മുഴുവൻ മറുപടി നൽകാൻ സമയമില്ലാത്ത അവസ്ഥ. എന്നിട്ടും റാങ്ക് 42 കിട്ടി. അന്ന് സംസ്ഥാനത്തു ആകെ 82 ഒഴിവുകൾ ഉണ്ട് എക്കണോമിക്കസിൽ മാത്രം. കാരണം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷമായിരുന്നു. അപ്പോൾ എന്റെ പ്രതീക്ഷ എനിക്ക് കിട്ടുമെന്നായിരുന്നു.

പക്ഷെ ഇടക്ക് തൃശ്ശൂർ പി എസ് സി ഓഫീസിൽ പോയി നോക്കുമ്പോൾ ദേ അടുക്കാറായി എന്ന് തോന്നിയിരുന്നു. പക്ഷെ അതുണ്ടായില്ല. 42 റാങ്ക് കഴിഞ്ഞു 44 ഉം 48 ഉം ഒക്കെ ഓർഡർ കൊടുത്തു. അതും പോട്ടെ എന്നെ വിസ്മയിപ്പിച്ചുകൊണ്ടു സപ്ലിമെന്ററി പട്ടികയിലെ 200 ഉം 210 ഉം റാങ്ക് ഉള്ളവർക്ക് വരെ ഓർഡർ കൊടുത്തു കണ്ടപ്പോൾ എനിക്ക് തോന്നി എന്നോട് അന്യായം ചെയ്യുകയാണെന്ന്.

ഞാൻ എറണാകുളത്തു വന്നു ഒരു വക്കീലിനെ കണ്ടു കാര്യം പറഞ്ഞു, ആസാദ് റോഡിൽ ഉള്ള ഏതോ ഒരു മേനോൻ ആയിരുന്നു വക്കീൽ. കേസ് ഏറ്റെടുത്ത അദ്ദേഹം ക്ലർക്കിനു 250 രൂപ കൊടുക്കാൻ പറഞ്ഞു.( അന്നത്തെ 250 നു അല്പം വില കൂടുതലാ). ഞാൻ അത് കൊടുക്കുകയും ചെയ്തു. കേസല്ലേ , സമയം പോകുമല്ലോ. അതിനിടക്ക് എനിക്ക് മാതൃഭൂമിയുടെ ഇന്റർവ്യൂ കത്ത് ലഭിച്ചു. പത്രാധിപന്മാർ മാത്രം പങ്കെടുത്ത ആ ഇന്റർവ്യൂ വിൽ അര മണിക്കൂറോളം തലങ്ങും വിലങ്ങും ചോദ്യങ്ങൾ. അവസാനം ഓർഡറും കിട്ടി.

Chandra Shekhara Menon
Chandra Shekhara Menon
Old High Court
Old High Court

 

കേസിന്റെ കഥ പറയാം. ഞാൻ മാതൃഭൂമിയിൽ കയറി ഏതാനും നാൾ കഴിഞ്ഞപ്പോൾ വക്കീലിന്റെ കത്ത് കിട്ടി. എറണാകുളത്തു ചെല്ലാൻ . അങ്ങനെ ഞാൻ പോയി. അപ്പോൾ വക്കീൽ സംഭവം വിവരിച്ചു. നീതിമാനായ ജസ്റ്റിസ് ചന്ദ്ര ശേഖര മേനോന്റെ ബെഞ്ചിൽ ആണ് കേസ് വന്നത്. അദ്ദേഹം എന്റെ വക്കീലിനെ ശാസിച്ചു . നിങ്ങൾക്ക് ഭരണഘടനയെ ചോദ്യം ചെയ്യാൻ ആവില്ല. അതുപ്രകാരമുള്ള സംവരണം പാലിച്ചാണ് നിയമനം. നിങ്ങളുടെ കക്ഷിക്ക്‌ നിയമന ഉത്തരവ് ലഭിക്കണമെങ്കിൽ 85 ഒഴിവുകൾ വേണം. പിന്നെ നിങ്ങളുടെ കക്ഷിയുടെ പ്രയാസം ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടു പറയുകയാണ്. ഈയിടെ പത്രത്തിൽ മുഖ്യമന്ത്രിയുടേതായ ഒരു പ്രസ്താവന കണ്ടു. പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി 3 വർഷമായി കൂട്ടുമെന്ന്. അത് നിങ്ങളുടെ കക്ഷിക്ക്‌ അനുകൂലമാവുമോ എന്ന് പരിശോധിച്ച് ഒന്ന് കൂടി സമർപ്പിക്കു എന്ന്. ( ഓർഡർ ആയെങ്കിൽ അതിന്റെ ഗുണം എനിക്കും കൂടി കിട്ടും വിധം ഉത്തരവ് ഇറക്കാമെന്ന് സാരം ).

ഇത് വക്കീൽ എന്നോട് പറഞ്ഞപ്പോൾ എനിക്ക് എന്നോടും എന്റെ വക്കീലിനോടും വന്ന ദേഷ്യം ചില്ലറയല്ല. ചന്ദ്രശേഖര മേനോൻ എന്ന ജസ്റ്റിസിനോട് അതിയായ ബഹുമാനവും തോന്നി. 50 : 50 എന്ന രീതിയിലാണ് നിയമനം എന്ന് അന്ന് ഞാൻ മനസ്സിലാക്കി. എനിക്കോ അതറിഞ്ഞില്ല, എന്റെ കേസ് ഏറ്റെടുത്ത വക്കീൽ എന്നോട് പറയേണ്ടതായിരുന്നില്ലേ അത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . ഇങ്ങനത്തെ വക്കീൽമാർ ഇപ്പോഴും നമുക്കിടയിൽ ഉണ്ട്. പൈസയും സമയവും കളയുന്നവർ…പിന്നീട് വക്കീലിന്റെ കത്തുകൾ വന്നുകൊണ്ടിരുന്നു . ഞാൻ മൈൻഡ് ചെയ്തില്ല. അതൊരു കാലം. പക്ഷെ ദൈവം എന്നെ കൈവിട്ടില്ല. മാതൃഭൂമി എന്നെ തൃപ്തിപ്പെടുത്തി…

അജിത്തും വിശ്വസാഹിത്യവും

0

മാതൃഭൂമിയിൽ 1990 ലാണ് ഞാൻ വിദ്യാഭ്യാസരംഗം ചുമതല എൽക്കുന്നത് . അത് റിട്ടയർമെന്റ് വരെ തുടർന്നു. കേരളത്തിൽ മറ്റേതെങ്കിലും ജേർണലിസ്റ്റിന് ഈ ഭാഗ്യം കിട്ടിയതായി അറിയില്ല. തൊണ്ണൂറുകളിൽ പംക്‌തിയിൽ പല പരീക്ഷണങ്ങളും ഞാൻ നോക്കുകയുണ്ടായി. അന്ന് ഫുൾപേജും ഒന്നേമുക്കാൽ പേജ് വരെയും വിദ്യാഭ്യാസരംഗത്തിനു വേണ്ടി നീക്കിവെക്കുകയുണ്ടായിട്ടുണ്ട്. അന്ന് കൊണ്ടുവന്ന പംക്തികളിൽ പ്രധാനം നല്ല ഇംഗ്ലീഷ്, വിശ്വസാഹിത്യം, കളിപഠിച്ചു കളിക്കാം എന്നിവയായിരുന്നു.

Ajith
ടി അജിത്‌

അന്ന് വിശ്വസാഹിത്യം തയ്യാറാക്കാൻ ശ്രീ ടി അജിത്തിനെ പൂർണ്ണവിശ്വാസത്തോടെയാണ് ചുമതലപ്പെടുത്തിയത്. മതി എന്ന് പറയുന്നത് വരെ അജിത് അത് ഏറെ ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ഞാൻ കോഴിക്കോട്ടു പരിശീലനം ലഭിച്ച വ്യക്തിയായതു കൊണ്ട് ഏറെ അടുപ്പമുള്ളവരെ അവൻ, എടാ എന്നൊക്കെ വിളിച്ചിരുന്നു. അജിത് എന്റെ ജൂനിയർ ആയതുകൊണ്ടു പ്രത്യേകിച്ചും. വിശ്വസാഹിത്യം ഏൽപ്പിച്ച ശേഷം അജിത് ഒരാഴ്ച പോലും മുടക്കിയിട്ടില്ല. ചിലപ്പോൾ രണ്ടും മൂന്നും ആഴ്ചക്കുള്ളത് ഒരുമിച്ചുതരും എന്ന് മാത്രം. 93 മുതൽ 98 വരെയാണ് വിശ്വസാഹിത്യം പ്രസിദ്ധപ്പെടുത്തിയത് എന്നാണു ഓർമ്മ. വിദ്യാഭ്യാസരംഗം പേജിന്റെ വലിപ്പം കുറച്ചതോടെയാണ് പംക്തികൾ അവസാനിപ്പിക്കാൻ നിർബന്ധിതമായത്. അന്ന് അത് വായിച്ചവർ എന്റെ എഫ് ബി സുഹൃദ്‌വലയത്തിൽ തന്നെ കാണും.

Ajith
ടി അജിത്‌

അന്നും ഇന്നും കോളേജ് ക്ലാസ്സുകളിൽ ഏതിലായാലും ഷേക്‌സ്‌പിയറുടെ ഏതെങ്കിലും ഒരു കൃതി പഠിച്ചിരിക്കണം. അതുകൊണ്ടു അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികളും മലയാളത്തിൽ ചുരുക്കി എഴുതാനാണ് അജിത്തിനോട് ഞാൻ ആവശ്യപ്പെട്ടത്. അറിയപ്പെടുന്ന ക്വട്ടെഷനുകൾ വിട്ടുപോകാതെ ആ ക്വട്ടെഷനും രംഗവും ഓരോ ലക്കത്തിലും എടുത്തെഴുതണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം മനോഹരമായി അജിത് നിർവഹിച്ചു. വായനക്കാരിൽ നിന്ന് നല്ല ഫീഡ്ബാക്കും കിട്ടിയിരുന്നു.

“Frailty, Thy Name is Woman” എന്ന ഹാംലെറ്റിലെ ക്വട്ടെഷനു “ചാപല്യമേ നിന്റെ പേരോ സ്ത്രീ” എന്ന പ്രസിദ്ധ പരിഭാഷയും മറ്റും കൊടുത്തിരുന്നു. ടെംപെസ്റ്റ് വളരെ മനോഹരമായി എഴുതി. അതിലെ “The rarer action is in virtue than in vengeance” എന്ന ക്വട്ടെഷന് “പക വീട്ടുന്നതിലല്ല, കരുണ കാണിക്കുന്നതിലാണ് യഥാർഥ മഹത്വം” എന്ന പരിഭാഷയാണ് കൊടുത്തിരുന്നത്. അതുപോലെ മിഡ്‌സമ്മർ നൈറ്റ്സ് ഡ്രീംസിലെ “The course of true love never did run smooth” എന്നതിന് “തടസ്സമില്ലാതൊഴുകില്ല ഗാഢപ്രണയം” എന്നുമൊക്കെയാണ് കൊടുത്തത് ഒട്ടേറെ വൈവിധ്യമുള്ള ക്വട്ടേഷനുകളും അവയുടെ പരിഭാഷയും കൊടുത്തത് വായനക്കാർക്കു ബോധിച്ചു. ഷേക്‌സ്‌പിയറിന്റെ അവസാന കൃതിയായി കരുതപ്പെടുന്ന ടെംപെസ്റ്റ് മനോഹരമായി കൊടുത്തത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.
അതുപോലെ “ജീവിതം ഏതോ വിഡ്ഢി പറഞ്ഞ കഥ പോലെ അർത്ഥമില്ലാത്ത ബഹളവും ഒച്ചപ്പാടും മാത്രമായി (The life is tale told by an idiot full of sound and fury signifying nothing)” എന്ന മാക്ബെത്തിലെ പ്രസിദ്ധമായ ഉദ്ധരണിയും കൊടുത്തിരുന്നു.

Viswasahithyam
വിശ്വസാഹിത്യം

സ്വതവേ ദേഷ്യക്കാരനായ അന്നത്തെ ഞങ്ങളുടെ ന്യൂസ് എഡിറ്റർ വിജയശങ്കറിനു ഷേക്‌സ്‌പിയർ പരമ്പര വല്ലാതെ ഇഷ്ട്ടപ്പെട്ടു. അദ്ദേഹം തന്റെ മേശപ്പുറത്തു വെക്കുന്ന ഡയറിയിൽ ക്വട്ടെഷനുകൾ വിവർത്തനം സഹിതം കൊടുത്തിരുന്നത് വെട്ടിയെടുത്തു വെച്ചത് എന്നെ കാണിച്ചുതരികയും ചെയ്തപ്പോളാണ് ഞാൻ വിശ്വസിച്ചത്. അത് പംക്തി തുടരാൻ പ്രോത്സാഹനമായി.

ഓരോന്നും പ്രസിദ്ധപ്പെടുത്തുമ്പോൾ അജിത്തിന് പലരിൽ നിന്നും പ്രോത്സാഹനം ലഭിച്ചിച്ചിരുന്നു. ചിലതു എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാം ഓർമ്മയില്ല. നമ്പ്യാർ സർ, ഭരതൻ സർ എന്നിവർ അജിത്തിനെ പ്രോത്സാഹിപ്പിച്ചവരിൽ പെടും.

ഷേക്‌സ്‌പിയർ കൃതികൾക്ക് ശേഷം മറ്റു പ്രസിദ്ധ കൃതികളും എഴുതി. Wuthering Heights by Emily Brontë ,Moby-Dick by Herman Melville,David Copperfield by Charles Dickens,The Adventures of Huckleberry Finn by Mark Twain,Lord of the Flies by William Golding എന്നിവ അവയിൽ പെടുന്നു. മോബിഡിക്കിനു ലഭിച്ച വായനക്കാരുടെ പ്രോത്സാഹനം എന്നെ തന്നെ അത്ഭുതപ്പെടുത്തി.

വിശ്വസാഹിത്യം
വിശ്വസാഹിത്യം

അന്ന് രാത്രി വൈകിയുള്ള ഷിഫ്റ്റിൽ ഞാൻ ജോലി ചെയ്യുമ്പോൾ ഒന്നാം നിലയിലെ ന്യൂസ്‌റൂമിൽ നിന്ന് ഗ്രൗണ്ട് ഫ്ലോറിലുള്ള ലേ ഔട്ടിൽ പോയി തിരിച്ചുകയറുമ്പോൾ വെളുപ്പിന് രണ്ടര ആയിക്കാണും. അപ്പോൾ ലൈബ്രറിയിൽ ഇരുന്നു വായിക്കുന്ന അജിത്തിനെ കണ്ടു എനിക്ക് തന്നെ അത്ഭുതവും അഭിമാനവും തോന്നിയിട്ടുണ്ട്.

അന്ന് ഒരു ലക്കത്തിനു അവനു കൊടുത്തിരുന്ന പ്രതിഫലം നൂറ്റമ്പതു രൂപയാണ്. ഡെസ്കിൽ ആരോ ഒരിക്കൽ ആ തുക വളരെ കുറവാണെന്നു പറഞ്ഞപ്പോളാണ് അത് ഇരുന്നൂറ്റി അമ്പതു ആക്കി കൂട്ടി എഴുതിയത്. ഞാൻ എഴുതുന്ന പ്രതിഫലത്തുകയിൽ കമ്പനി ഒരിക്കൽ മാത്രമേ വിയോജിച്ചിട്ടുള്ളു. അത് ഞാൻ മനോഹരമായി കൈകാര്യം ചെയ്തു. പിന്നെ ഒരിക്കൽ പോലും എത്ര വലിയ തുക എഴുതിയാലും കമ്പനി എതിർത്തിട്ടില്ല എന്ന് നന്ദിപൂർവ്വം സ്മരിക്കട്ടെ. അജിത് ഈയിടെ ദീർഘകാല സെർവീസിന്‌ ശേഷം മാതൃഭുമിയിൽ നിന്ന് വിരമിച്ചു. അപ്പോൾ ഓർത്തുപോയ കാര്യങ്ങൾ കുറിച്ചതാണ്.

വിശ്വസാഹിത്യം
വിശ്വസാഹിത്യം

വാൽക്കഷ്ണം: വർഷങ്ങൾക്കു ശേഷം ശ്രീ ഒ കെ ജോണി മാതൃഭൂമി ബുക്ക്സ് മാനേജർ ആയി വന്നപ്പോൾ ഇവ എല്ലാ ലക്കവും സമാഹരിച്ചും അധികമായി ചിലതു കൂടി എഴുതിപ്പിച്ചും പുസ്തകം ഇറക്കാൻ ഒരു ശ്രമം നടത്തി. കമ്പോസ് ചെയ്തു പ്രൂഫ് വായന അജിത് തന്നെ തീർത്തുകൊടുത്തതാണെങ്കിലും അപ്രതീക്ഷിതമായി ജോണി മാതൃഭൂമി വിട്ടതോടെ അത് എവിടെയെന്നു ആർക്കും അറിയാതായി.

മാതൃഭൂമിയും നല്ല ഇംഗ്ലീഷ് പംക്തിയും

0

ഒരിക്കൽ ഫേസ്ബുക്കിൽ പല തവണയായി പ്രസിദ്ധീകരിച്ചതാണിത് ഇപ്പോൾ വെബ്‌സൈറ്റിൽ ഒരുമിച്ചു കൊടുക്കുന്നു. മുൻപ് വായിച്ചവർ ആവർത്തന വിരസത സദയം ക്ഷമിക്കുക.

മാതൃഭൂമി വിദ്യാഭ്യാസരംഗം പംക്തി തുടങ്ങിയപ്പോൾ ചില പംക്തികൾ ഉണ്ടായിരുന്നു. അതിൽ പ്രധാനം നല്ല ഇംഗ്ലീഷ് ആയിരുന്നു. ആ പംക്തിക്ക് പ്രത്യേകതയും ഉണ്ടായിരുന്നു. വാക്കുകളുടെ അർഥം ചോദിക്കണ്ട.. വാക്കുകളുടെ പ്രയോഗം, ഉത്ഭവം, പ്രയോഗങ്ങളുടെ അർത്ഥങ്ങൾ എന്നിവയൊക്കെയാണ് അതിൽ വിവരിച്ചിരുന്നത്. വലിയ പ്രതികരണമായിരുന്നു അതിനു വായനക്കാരിൽ നിന്ന് ഉണ്ടായിരുന്നത്. ആദ്യം ആ പംക്തി കൈകാര്യം ചെയ്തിരുന്നത് കോഴിക്കോട് സർവ്വകലാശാലയിലെ ഒരു പ്രൊഫസ്സർ ആയിരുന്നു. വലിയ തോതിൽ ഈഗോ ഉണ്ടായിരുന്ന അദ്ധ്യാപകൻ.

ഒരിക്കൽ ഈ പംക്തി നടന്നു കൊണ്ടിരിക്കെ അദ്ദേഹം മുന്നറിയിപ്പൊന്നുമില്ലാതെ ഒരു വിദേശയാത്രക്ക് പോയി. എനിക്ക് മാറ്റർ വരാതായി. അന്വേഷിച്ചപ്പോഴാണ് വിവരം മനസ്സിലായത്. ഞാൻ പത്രത്തിൽ ഒരു അറിയിപ്പ് കൊടുത്തു. അൽപ്പ സമയത്തേക്ക് പംക്തി ഉണ്ടാവില്ല എന്ന്. അദ്ദേഹം വിദേശവാസം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയിട്ടും അറിയിച്ചില്ല. അപ്പോൾ ഞാൻ ഒരു കത്തയച്ചു. യാത്ര സുഖകരമായിരുന്നു എന്ന് വിശ്വസിക്കുന്നു. പംക്തി ഇനി പുനരാരംഭിക്കാമല്ലോ എന്നാണു വളരെ വിനയത്തോടെ ഞാൻ ചോദിച്ചത്. അതിനു പോസ്റ്റുകാർഡിൽ അദ്ദേഹം അയച്ച മറുപടി അഹന്തയുടെ പര്യായമായിരുന്നു.

അതിൽ അദ്ദേഹം കുറെ വ്യവസ്ഥകൾ മുന്നോട്ടു വെച്ചു. ഞാൻ അയക്കുന്ന മാറ്റർ എവിടെയും എഡിറ്റ് ചെയ്യാൻ പാടില്ല., അയക്കുന്ന മാറ്റർ മുഴുവനായി ഉപയോഗിക്കണം, പ്രതിഫലം കൂട്ടുന്ന കാര്യം ആലോചിക്കണം… അങ്ങനെ നിരവധി ഡിമാൻഡുകൾ. അതിനു ഞാൻ ഒരു മറുപടി അയച്ചു. പ്രിയപ്പെട്ട ഡോ. നായർ, താങ്കളുടെ കത്ത് കിട്ടി. വ്യവസ്ഥകൾ വായിച്ചു. അതിലൊന്ന് പോലും പരിഗണിക്കാൻ നിർവാഹമില്ലെന്നു അറിയിക്കട്ടെ. പംക്തി മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ പോകുന്നു… എന്നായിരുന്നു അതിന്റെ ചുരുക്കം. (ഓർമ്മയിൽ നിന്നാണ്. ഇതിലും പരുഷമായിരുന്നോ മറുപടി എന്നെ സംശയമുള്ളൂ).

ആ കത്തിന് അദ്ദേഹം വീണ്ടും മറുപടി അയച്ചു. പംക്തി മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്റെ ശിഷ്യരായി കേരളത്തിൽ അനേകം പേരുണ്ട് എന്ന് അദ്ദേഹം എനിക്ക് എഴുതി.

ഉടനെ ഞാൻ ചിന്തിച്ചു , ഇയാളുടെ ശിഷ്യൻ അല്ലാത്ത ഒരാളെ മതി എന്ന്. അങ്ങനെ പ്രായം കൊണ്ട് അദ്ദേഹത്തെക്കാൾ മൂത്ത, ആലുവ യു സി കോളേജിലെ പ്രൊഫ ഇ നാരായണൻ നമ്പ്യാർ എന്ന നന്മയുടെയും വിനയത്തിന്റെയും പര്യായമായ മനുഷ്യനെ എന്റെ സഹപ്രപ്രവർത്തകൻ ആയിരുന്ന അജിത്തിന്റെ നിർദ്ദേശപ്രകാരം പരിഗണിക്കുകയായിരുന്നു.

നമ്പ്യാർ സാർ വരുന്നു…

നമ്പ്യാർ സാറിനെ അങ്ങനെ ഞങ്ങൾ കണ്ടുവെച്ചു. എനിക്ക് നിർബന്ധം ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ സ്വാധീനം ഉള്ള ആൾ ആയിരിക്കണം എന്നതായിരുന്നു. അജിത് പറഞ്ഞു അതിനു പറ്റിയത് ഇ എൻ തന്നെ എന്ന്.

അത് അദ്ദേഹത്തിന്റെയും എന്റെ പേജിന്റെയും ഒരു നല്ല വഴിത്തിരിവ് ആയിരുന്നു. ഞാനും അജിത്തും കൂടിയാണ് കടുങ്ങല്ലൂരിനടുത്തു അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ ഒരു ദിവസം പോയത്. പംക്തിയെ കുറിച്ച് സാറിനു ഞാൻ വിശദീകരിച്ചുകൊടുത്തു. അങ്ങനെ അദ്ദേഹം അത് ഏറ്റെടുത്തു .ഉടനെ ഞാൻ സാറിന്റെ ഒരു ഫോട്ടോ വെച്ചു വലിയ ഒരു അറിയിപ്പ് പത്രത്തിൽ കൊടുത്തു.

News about Nalla English
നല്ല ഇംഗ്ലീഷ് പദ്ധതിയെ കുറിച്ച് നല്‍കിയ അറിയിപ്പ്

അദ്ദേഹത്തിന് ഒട്ടേറെ ശിഷ്യന്മാർ ഉണ്ടായിരുന്നതിനാൽ മാതൃഭുമിയിലേക്കും അദ്ദേഹത്തിനും ഒട്ടേറെ ഫോൺ കോളുകൾ വന്നു. ഞങ്ങൾക്ക് അത് ഒരു ആവേശമായി. തപാലിൽ വന്നിരുന്ന ഓരോ കത്തും ഞാൻ വായിച്ചിരുന്നു. അർഥം ചോദിച്ചിരുന്ന കത്തുകൾ ഒഴിവാക്കി ബാക്കിയുള്ളവ ലഘു കുറിപ്പോടെ എല്ലാ ആഴ്ചയും സാറിനു എത്തിക്കുമായിരുന്നു.

സാറിനു മലയാളത്തിലും വിവരം ഉണ്ടായിരുന്നതിനാൽ ചിലർ ചില ശൈലികളുടെ ഇംഗ്ലീഷ് രൂപാന്തരം ചോദിക്കുമ്പോൾ അദ്ദേഹം നല്ല ഭംഗിയായ ഭാഷയിൽ അവ വിശദീകരിക്കുമായിരുന്നു. വിമർശനങ്ങൾക്കു അദ്ദേഹം വിനയത്തോടെ നൽകിയ മറുപടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി എന്നൊക്കെ പംക്തിയിൽ മറുപടി നൽകുകയും ചെയ്തിരുന്നു. കണ്ണൂർ സ്വദേശിയായിരുന്നു നമ്പ്യാർ സാർ. പംക്തി ഏറ്റെടുത്തത്‌ മുതൽ ഒറ്റ ലക്കവും അദ്ദേഹം മുടക്കിയില്ല.

പംക്തി ഏറെ പ്രശംസ പിടിച്ചു പറ്റി അങ്ങനെ മുന്നേറുമ്പോൾ അദ്ദേഹത്തിന് ഗൾഫിൽ നിന്ന് ഒരു ക്ഷണം .ശിഷ്യന്മാരാണ്. അങ്ങോട്ടൊന്നു ചെല്ലാൻ. ആ കത്ത് എന്നെ കാണിക്കുമ്പോൾ സാർ പറഞ്ഞത് ഞാൻ മറന്നിട്ടില്ല….രാജേന്ദ്രാ എന്റെ ഇത്ര കാലത്തെ അധ്യാപക ജീവിതത്തിൽ ഞാൻ നേടിയ അറിവിനേക്കാൾ ഇപ്പോൾ ഞാൻ നേടി എന്ന് തോന്നുന്നു. ഇപ്പോഴാണ് ഞാൻ പഠിക്കുന്നത്.

സർ അങ്ങനെ ഗൾഫിൽ പോയപ്പോഴും പംക്തി മുടക്കിയില്ല. മുടങ്ങരുതെന്നു സാറിനു നിർബന്ധം ഉണ്ടായിരുന്നു. കത്തുകൾ ഗൾഫിലേക്ക് തപാലിൽ അയക്കേണ്ടി വന്നു ഒരിക്കൽ. മറുപടി അയച്ചപ്പോൾ പറയുകയാണ് അതിനു ചെലവായ തുക പ്രതിഫലത്തിൽ നിന്ന് കിഴിക്കണം എന്ന്. രണ്ടാഴച്ചയോളം ഗൾഫിൽ കഴിച്ച ശേഷം അദ്ദേഹം തിരിച്ചെത്തിയപ്പോഴും വിളിച്ചിരുന്നു. ഞാൻ വീട്ടിൽ ചെന്നപ്പോൾ കഥകൾ ഒക്കെ വിസ്തരിച്ചു തന്നു .

പി കെ മുഹമ്മദ് എന്ന അത്ഭുതം

നമ്പ്യാർ സാർ പംക്തി കൈകാര്യം ചെയ്തിരുന്നപ്പോൾ കിട്ടിയ ചോദ്യങ്ങളിൽ വലിയ വൈവിധ്യമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. സീറോ ഹവർ , മോട്ടൽ , എത്രാമത്തെ എന്നതിനുള്ള ഇംഗ്ലീഷ് എന്ന് തുടങ്ങി നിരവധി സംശയങ്ങളാണ് വന്നു കൊണ്ടിരുന്നത്. തൃപ്തികരമായ രീതിയിൽ അവക്ക് അദ്ദേഹം നൽകിയ മറുപടി മാതൃഭൂമി പുറത്തിറക്കിയ നല്ല ഇംഗ്ലീഷ് എന്ന പുസ്തകത്തിൽ ഉണ്ട്.

നമ്പ്യാർ സാർ ജീവിച്ചിരിക്കെ തന്നെ പറവൂരിലെ ഒരു പ്രസാധകർ അത് പ്രസിദ്ധീകരണത്തിന് അനുമതി ചോദിച്ചു. സാർ എന്നോടും ഞാൻ മാതൃഭുമിയോടും ചോദിച്ച ശേഷമാണ് അത് പുസ്തകമായത്. അതിനു സാർ തന്നെ ഒരു ഇൻഡക്സ് ഉണ്ടാക്കിക്കൊടുത്തു. അതുകൊണ്ടു ആ പുസ്തകത്തിൽ വാക്കു തിരയാൻ പ്രയാസമില്ല. മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയപ്പോൾ ഇൻഡക്സ് ഇല്ല. അത് ഒരു പോരായ്മയാണ്. മാതൃഭൂമിയിൽ ജോലി ചെയ്തിരുന്ന എന്നോട് പറഞ്ഞിരുന്നെങ്കിൽ അത് ഞാൻ തയ്യാറാക്കി കൊടുത്തേനെ. അത് പോട്ടെ… വിഷയത്തിലേക്കു വരാം.

ആയിടെ ഒരു ദിവസം അദ്ദേഹത്തിന് കാലികറ്റ് സർവകലാശാലയുടെ എംഎ വൈവയുടെ ഡ്യൂട്ടി വന്നു. മലബാറിലേക്ക് പോണു എന്ന് പറഞ്ഞു. ഒരാഴ്ചത്തെ കാര്യമേ ഉണ്ടായിരുന്നുള്ളു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു വിവരവുമായിട്ടാണ് അദ്ദേഹം തിരിച്ചെത്തിയത്. ഞങ്ങളുടെ പംക്തിയിൽ സ്ഥിരമായി വിമർശനം ഉന്നയിച്ചിരുന്ന ഒരു പി കെ മുഹമ്മദ് തലശ്ശേരിയിൽ ഉണ്ടായിരുന്നു. കത്തുകൾ തപാലിൽ വന്നിരുന്നതിനാൽ അഡ്രസ് ഒക്കെ അതിലുണ്ടാവും. വൈവക്കു പോയ സർ ഈ മുഹമ്മദിനെ അഡ്രസ് വെച്ചു അന്വേഷിച്ചു കണ്ടു പിടിച്ചു.

എന്നിട്ടു എന്നോട് പറയുകയാണ്… രാജേന്ദ്രാ, നമ്മുടെ മുഹമ്മദ് ഉണ്ടല്ലോ… ചില്ലറക്കാരനല്ല. പ്രൈമറി അദ്ധ്യാപകൻ ആണെങ്കിലും തികഞ്ഞ ഇംഗ്ലീഷ് ഗ്രമേറിയൻ ആണ് എന്ന്. അദ്ദേഹത്തിന്റെ ലൈബ്രറി ഒന്ന് കാണണം… ഇപ്പോഴും ബ്രിട്ടീഷ് ഗ്രാമർ വിദഗ്ധരുമായി അദ്ദേഹം കത്തിടപാടുകൾ നടത്തുന്നു… ഞാനൊക്കെ ആദ്യമായിട്ടാണ് അങ്ങനെ ഒരാളെ കാണുന്നത്. എന്തൊരു വിനയമുള്ള മനുഷ്യൻ…

ഇതൊക്കെ അന്ന് സർ പറഞ്ഞ വാചകങ്ങളിൽ ചിലതാണ്. അദ്ദേഹത്തെ എനിക്ക് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തിരക്കുകൾക്കിടയിൽ നടന്നില്ല. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവും എന്ന് ആശിക്കുന്നു. പക്ഷെ പ്രായമായിക്കാണും.

നല്ല ഇംഗ്ലീഷ്… ചില ഉദാഹരണങ്ങൾ

1991 ജൂലായിൽ ആണ് നമ്പ്യാർ സർ പംക്തി തുടങ്ങിയത്. ഒരർഥത്തിൽ എന്റെയും ഇംഗ്ലീഷ് പ്രയോഗം ശക്തിപ്പെടുത്തുന്നതിലും വ്യാകരണവും പ്രയോഗങ്ങളും കൂടുതൽ മനസ്സിലാക്കുന്നതിലും ആ പംക്തിക്ക് വലിയ പങ്കുണ്ട്. മഞ്ചേരി കാരക്കുന്നിൽ നിന്ന് എം എസ് കുമാറിന്റെ ചോദ്യത്തോടെയാണ് പംക്തി തുടങ്ങിയത്. മോപ്പഡ്, മോട്ടൽ എന്നീ വാക്കുകളുടെ അർഥവും ഉത്ഭവവും ആണ് അദ്ദേഹം ചോദിച്ചത്. പിന്നീട് വന്ന ചോദ്യം ഇപ്പോൾ യുവതലമുറയുടെ സ്ഥിരം പ്രയോഗമായ gonna, gotta എന്നിവയെക്കുറിച്ചായിരുന്നു…

പലതിലും ഞങ്ങൾ തമ്മിൽ കൂടിയാലോചനയും നടന്നിട്ടുണ്ട്. അതിൽ പ്രധാനം ലോക്സഭാ , നിയമസഭാ നടപടികളുടെ റിപ്പോട്ടിൽ കാണുന്ന സീറോ അവർ എന്നതിനെക്കുറിച്ചു തൃപ്പൂണിത്തുറയിൽ നിന്ന് എം എസ് നമ്പൂതിരിപ്പാട് ചോദിച്ചതാണ്. ഭാഷയിൽ ഇത് വരില്ലെങ്കിലും ഇതിനു മറുപടി നൽകാം എന്ന് ഞാൻ സാറിനോട് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിനും അക്കാര്യത്തിൽ വലിയ പിടിപാടുണ്ടായിരുന്നില്ല. ആലുവ എംഎൽഎ മുഹമ്മദലിയോടും മറ്റും അദ്ദേഹം ഇക്കാര്യം തിരക്കിയെന്നു മറുപടിക്കുറിപ്പിൽ എനിക്കെഴുതി. അത് പോരാ എന്ന് എനിക്ക് തോന്നി.

പണ്ട് ഹിന്ദുവിൽ ഗുഡ് ഇംഗ്ലീഷ് പംക്തിയിൽ ഡോ സുബ്രമണ്യൻ ആണെന്ന് തോന്നുന്നു നൽകിയ ഇത് സംബന്ധിച്ച ഒരു മറുപടി എന്റെ കൈവശം ഉണ്ടായിരുന്നു. അതിലും അദ്ദേഹം പറയുന്നത് ഇത് ഭാഷാ സംബന്ധിയായ ഒന്നല്ല. പാർലമെന്ററി നടപടികളുടെ ഭാഗമാണ് എന്നാണ്. അദ്ദേഹം ആ കത്ത് ലോക്സഭാ സെക്രട്ടറി ജനറൽ ആയിരുന്ന സുഭാഷ് കശ്യപിന് അയച്ചു കൊടുത്തു. കശ്യപ് നൽകിയ മറുപടി ഹിന്ദുവിലെ കോളത്തിൽ പ്രസിദ്ധീകരിച്ചത് ഞാൻ സാറിനു അയച്ചു കൊടുത്തപ്പോൾ നമ്പ്യാർ സർ വളരെ മനോഹരമായി അതിനു മറുപടി നൽകി. .മാതൃഭൂമി അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

പെട്ടന്നുള്ള വിയോഗവും പംക്തിയുടെ ഭാവിയും

അധികകാലം സാറിനു പംക്തി തുടരാനായില്ല. ഒരിക്കൽ പറവൂരിലെ ഒരു സ്ഥാപനം സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കാൻ സാറും ഞാനും ഒരുമിച്ചാണ് പോയത്. (രണ്ടു പേർക്കും ക്ഷണമുണ്ടായിരുന്നു)

യാത്രക്കിടെയാണ് സാർ അദ്ദേഹത്തിന്റെ അസുഖ വിവരം എന്നോട് ആദ്യമായി പറയുന്നത്. കുടലിലെ എന്തോ കാര്യമായ പ്രശ്നമാണെന്ന് തോന്നുന്നു എന്ന് സാർ ലേശം സംശയത്തോടെയാണ് പറഞ്ഞത്. അത് ശരിയായിരുന്നു. പിന്നെ അധികം നീണ്ടുനിന്നില്ല.

എറണാകുളം പിവിഎസ് ആസ്പത്രിയിൽ കിടന്നിരുന്ന സാറിനെ ഞാനും അജിത്തും കാണാൻ പോയി. അപ്പോൾ പോയ വർഷത്തെ പുസ്തകങ്ങളെ സുകുമാർ അഴീക്കോട് വിലയിരുത്തുന്ന ഒരു ലേഖനം മാതൃഭൂമി വാരാന്ത്യത്തിൽ വന്നത് സാർ കാണിച്ചു തന്നു. അതിൽ വൈജ്ഞാനിക സാഹിത്യ മേഖലയിലെ മികച്ച സംഭാവനയായി നമ്പ്യാർ സാറിന്റെ നല്ല ഇംഗ്ലീഷ് അഴീക്കോട് ചൂണ്ടിക്കാണിച്ചിരുന്നു…

അത് കണ്ടു അദ്ദേഹം സന്തോഷിച്ചു. കൂട്ടത്തിൽ ആ ആഴ്ചത്തെ പംക്തി കിട്ടിയില്ലേ എന്ന അന്വേഷണവും. ഭാര്യയുടെ കയ്യിൽ മാതൃഭുമിയിൽ എത്തിക്കാൻ കൊടുത്ത കാര്യം അദ്ദേഹം പറഞ്ഞു, അതായിരുന്നു അവസാനത്തെത്. ഞങ്ങൾ ആസ്പത്രി വിട്ടു ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അദ്ദേഹം വിടപറഞ്ഞു. 1994 ഏപ്രിൽ 5 നായിരുന്നു അത്. ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് നമ്പ്യാർ സാർ മരിച്ചിട്ട് 25 വർഷമായി എന്ന് വാട്സ്ആപ്പ് ഫോർവേഡുകളിൽ നിന്നാണ് ഓർമ്മ വന്നത്. എത്ര വേഗമാണ് സമയം പോകുന്നത് എന്ന് ഇടക്ക് തോന്നും.

അദ്ദേഹം മരിച്ചപ്പോൾ മാത്രമാണ് മാതൃഭൂമിയിലെ 33 വർഷത്തെ എന്റെ പത്രപ്രവർത്തന ജീവിതത്തിൽ ആദ്യവും അവസാനവുമായി ഒരു അനുസ്മരണം ഞാൻ എഴുതിയത്. അതും അദ്ദേഹത്തിന്റെ കോളത്തിനായി നീക്കിവെച്ച സ്ഥലത്ത്.

News cutting of Narayanan Nambiar
മാതൃഭൂമിയില്‍ എഴുതിയ അനുസ്മരണം

ഞാൻ ചെയ്യുന്ന വിദ്യാഭ്യാസ പേജിൽ പേജിൽ വ്യത്യസ്തമായ ഒരു ഐറ്റം കൊടുക്കേണ്ട സാഹചര്യം വന്നപ്പോൾ എഴുതിയതിന്റെ കരട് പത്രാധിപർ ശ്രീധരൻ നായർക്ക് അയച്ചുകൊടുത്തു. പണ്ട് സിഎച്ഹരിദാസ് മരിച്ചപ്പോൾ വിംസി എഴുതിയ അനുസ്മരണത്തിലെ ഒരു വാചകം ഞാൻ കടമെടുത്തു: “എവിടെയാണെങ്കിലും അങ്ങേക്ക് നല്ലതേ വരൂ” എന്നതായിരുന്നു ആ പ്രയോഗം. കൂടാതെ ദൈവ സംബന്ധമായി എന്തോ ഒരു പ്രയോഗവുമുണ്ടായിരുന്നു. മരണം വരെ നിരീശ്വര വാദിയായിരുന്ന ശ്രീധരൻ നായർ ദൈവ സംബന്ധമായ ആ വാചകം മാത്രമേ വെട്ടിയുള്ളു. ബാക്കി അതെപടി അംഗീകരിച്ചു. വലിയ ചിത്രത്തോടെയാണ് അത് പ്രസിദ്ധീകരിച്ചത്.

അത്ര നാൾ ജനങ്ങൾ സ്വീകരിച്ച ഒരു പംക്തി നടത്തിക്കൊണ്ടു പോകാൻ ആത്മാർഥമായ സഹകരണം നൽകിയ നമ്പ്യാർ സാർ മരിച്ചപ്പോൾ മാതൃഭൂമി വേണ്ട പോലെ അംഗീകരിക്കുകയും കൃതജ്ഞത പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പത്‌നി കല്യാണിക്കുട്ടി ടീച്ചർക്ക് ഒരു കത്ത് നൽകുകയും ചെയ്‍തത് ഞാൻ ഇപ്പോഴും ഓർക്കുന്നു. മാനേജിങ് എഡിറ്റർ ഒപ്പിട്ട കത്താണ് നൽകിയത്.

നല്ല ഇംഗ്ലീഷ് പംക്തി ഏറ്റെടുക്കാൻ പലരും പിന്നെയും യു സി കോളേജിൽ നിന്ന് പോലും സമീപിച്ചെങ്കിലും കുറച്ചു നാളേക്ക് അത് തുടരാനായില്ല. പിന്നീട് തിരുവനന്തപുരം പാളയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ ഡയറക്ടർ ഡോ. കെ രാധയാണ് പംക്തി കൈകാര്യം ചെയ്തത്. രാധ ടീച്ചർക്കു ഇംഗ്ലീഷിൽ നല്ല വിവരം ഉണ്ടായിരുന്നുവെങ്കിലും നമ്പ്യാർ സാറിന്റെ പോലെ മലയാളത്തിൽ വേണ്ടത്ര പിടിപ്പു ഉണ്ടായിരുന്നില്ല എന്ന് എനിക്ക് മനസ്സിലായി. ടീച്ചർ ഒരു പാവം അധ്യാപിക. ഒറ്റപ്പാലം കാരി. ഇപ്പോൾ റിട്ടയർ ചെയ്തു കഴിയുകയായിരിക്കും.

മാതൃഭൂമിയിലെ എന്റെ പഴയ സഹപ്രവർത്തകനും ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് തലവനും ആയ രാധാകൃഷ്ണൻ എംജി യും ഒരുമിച്ചാണ് രാധ ടീച്ചറെ കാണാൻ പോയത്. രാധാകൃഷ്ണനാണ് ടീച്ചറെ നിർദ്ദേശിച്ചത്. നല്ല ഇംഗ്ലീഷ് നമ്പ്യാർ സർ കൈകാര്യം ചെയ്തതു പോലെ ആർക്കും അത്ര എളുപ്പം ആവില്ല എന്നെനിക്കു തോന്നുന്നു.

നല്ല ഇംഗ്ലീഷ് പുസ്തകം
നല്ല ഇംഗ്ലീഷ് പുസ്തകം
നല്ല ഇംഗ്ലീഷ് പുസ്തകം
നല്ല ഇംഗ്ലീഷ് പുസ്തകം

 

മാതൃഭൂമിയും സെമിനാറും പിന്നാമ്പുറ കഥയും

2
Mathrubhumi Disha

പന്ത്രണ്ടാം ക്ലാസ്സ് പാസ്സായി പ്രൊഫെഷൽ കോഴ്സ് പ്രവേശനത്തിന് ശ്രമിക്കുന്ന കുട്ടികളെ സഹായിക്കാൻ സെമിനാർ നടത്തുക എന്ന ആശയം വർഷങ്ങൾക്കു മുൻപേ മനസ്സിലുദിച്ചതാണ്. അപ്പോൾ ഒക്കെ ഇത് നടത്തുന്നതിനുള്ള ചെലവ് എങ്ങനെ നേരിടും എന്നും മറ്റും ആലോചിക്കുകയായിരുന്ന സമയമുണ്ട്. പല തവണ ബന്ധപ്പെട്ടവരെ സമീപിച്ചപ്പോളും ഒരു പിന്തുണ കിട്ടിയില്ല. മാർക്കെറ്റിങ്ങുകാരോട് പറഞ്ഞപ്പോൾ ആശാവഹമായ മറുപടിയല്ല കിട്ടിയത്.

അങ്ങനെയിരിക്കെ മാതൃഭൂമിയിൽ ന്യൂ മീഡിയ എന്ന ഒരു വിഭാഗം വരുകയും ജയദീപ് അതിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ ആയി വരികയും ചെയ്തതോടെയാണ് എല്ലാ വർഷവും ഞാൻ ആഗ്രഹിച്ചിരുന്ന പദ്ധതി നടത്താൻ തയ്യാറായത്. അങ്ങനെ തുടങ്ങിയ സെമിനാർ എല്ലാ വർഷവും മുടങ്ങാതെ നടന്നു. ഇപ്പോൾ പത്താം വർഷ സെമിനാർ നടക്കുകയാണ് . ജയദീപ് ഇപ്പോൾ ക്ളബ് എഫ് എം ലാണ്. തുടങ്ങാൻ ജയദീപ് കാണിച്ച ഉത്സാഹം മറക്കാനാകില്ല.

എൻട്രൻസ് കമ്മിഷണർ മാവോജി ആണ് ആദ്യ സെമിനാർ ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ ന്യൂ മീഡിയ എന്ന പേരൊക്കെ പോയി. എങ്കിലും ഓൺലൈൻ മാർക്കറ്റിങ്ങുകാർ തന്നെയാണ് സംഘാടകർ. ആശയവും വിദദ്ധരുമായുള്ള ആശയവിനിമയവും ഒക്കെ ആദ്യം മുതൽ ഇപ്പോൾ വരെ എഡിറ്റോറിയൽ ടീം ആണ്. ഞാൻ റിട്ടയർ ചെയ്തപ്പോൾ , അജീഷ് അതിന്റെ ചുമതല വഹിക്കുന്നു. പറഞ്ഞുവന്നത്, എന്തെങ്കിലും ആശയം എഡിറ്റോറിയൽ സംബന്ധമായി ഞങ്ങൾക്ക് തോന്നിയാൽ അത് നടപ്പാക്കി കിട്ടാൻ ഒരാളെ കിട്ടുക എന്നത് വളരെ വലിയ കാര്യമാണ്. ജയദീപ് പല കാര്യങ്ങളിലും വലിയ ആശ്വാസമായിരുന്നു.

ജയദീപ്
ജയദീപ്

ക്ലാസ് എടുക്കാൻ വരുന്ന ഫാക്കൽറ്റിക്കു ഒന്നാം തരം ഹോട്ടലിൽ താമസ സൗകര്യം ഒരുക്കുക, ഫ്ലൈറ്റ് ടിക്കറ്റ് ആവശ്യമുള്ളവർക്ക് അത് തയ്യാറാക്കുക, യാത്രാ സൗകര്യം ഒരുക്കുക, എയർപോർട്ട് അഥവാ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിക്ക് അപ്പ് ഒരുക്കുക തുടങ്ങി എല്ലാ കാര്യങ്ങളിലും നല്ല നിലവാരം പുലർത്താൻ അദ്ദേഹം നിർദ്ദേശങ്ങൾ നൽകിയിരുന്നു.

ആരംഭകാലത്തു ജയദീപിനോടൊപ്പം എന്നെ എഡിറ്റോറിയൽ കാര്യങ്ങളിലും മന്ത്രിമാരുമായി സംസാരിക്കുത് വരെ ചെയ്ത വ്യക്തിയാണ് ഇപ്പോൾ ഡെക്കാൻ ക്രോണിക്കിൾ പത്രത്തിൽ പ്രിൻസിപ്പൽ കറസ്പോണ്ടൻറ് ആയ വിനോദ് നെടുമുടി. വിനോദ് മാതൃഭൂമി വിട്ടത് എനിക്ക് വലിയ ക്ഷീണമുണ്ടാക്കി. ആശയം ഞാൻ കൊണ്ടുവരിക, ജയദീപും വിനോദും കൂടി അത് നടപ്പിലാക്കുക എന്നതായിരുന്നു ആദ്യകാലത്തെ രീതി.

ജയദീപുമായി അന്ന് തുടങ്ങിയ അടുപ്പം ഇപ്പോഴും തുടരുന്നു. ഞാൻ കോഴിക്കോട് നിന്ന് ട്രാൻസ്ഫർ ആയി 1987 ഡിസംബറിൽ കൊച്ചിയിൽ എത്തുമ്പോൾ എഡിറ്റോറിയൽ വിഭാഗം മറ്റുള്ളവരിൽ നിന്ന് വിട്ടു നിന്നിരുന്നു. അത് കണ്ട എനിക്ക് ജയദീപിന്റെ സാമീപ്യം വളരെ ഉത്സാഹം തന്നിരുന്നു. ആദ്യ വർഷം പരിപാടി നടത്താൻ ജയദീപ് വളരെ വിഷമിച്ചു. പിറ്റേ വർഷം മുതൽ ആ പ്രശ്നമേ ഉണ്ടായില്ല. ഈ മാസം മെയ് 21 നു തിരുവനന്തപുരത്തു ടാഗോർ തിയ്യറ്ററിൽ പത്താം വർഷ സെമിനാർ നടക്കുകയാണ്. പിന്നെ കോഴിക്കോടും കൊച്ചിയിലും നടക്കും. ഇതിന്റെ കഷ്ടപ്പാട് നന്നായി അറിയുന്ന എനിക്ക് എല്ലാം നന്നായി നടക്കാൻ ആശംസിക്കാനേ ഇപ്പോൾ കഴിയു.

ശ്രദ്ധയോടെ വിദ്യാർഥികൾ

0

ഓപ്ഷൻ രെജിസ്ട്രേഷന് മുൻപ് ഞാൻ ചൂണ്ടിക്കാട്ടിയിരുന്ന ചില മോശം കോളേജുകളിലേക്കു കുട്ടികൾ ഓപ്ഷൻ കൊടുത്തില്ല എന്ന് മനസ്സിലായി. ലാസ്റ്റ് റാങ്ക് പട്ടിക നോക്കിയാൽ അത് മനസ്സിലാവും. നല്ല കോളേജുകളും അതുപോലെ തന്നെ. സന്തോഷം. സ്വകാര്യ സ്വാശ്രയ കോളേജുകളിൽ മുൻപന്തിയിൽ രാജഗിരി, ഫിസാറ്റ്, മുത്തൂറ്റ് എന്നീ കോളേജുകൾ തന്നെ. പക്ഷെ ഇത്തവണ ശ്രദ്ധേയമായത് കുട്ടികൾ ഫീസിന് പ്രാധാന്യം കൊടുത്തു എന്നതാണ്. അതുകൊണ്ടു തന്നെ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളുടെ പിറകിലാണ് സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകൾ. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ മോഡൽ എൻജിയിയറിങ് കോളേജ് , തൃക്കാക്കര, തിരുവനന്തപുരം പാപ്പനംകോട്ടെ ശ്രീ ചിത്ര തിരുനാൾ എൻജിനിയറിങ് കോളേജ് എന്നിവ വളരെയേറെ മുന്നോട്ടു പോയി. മോഡലിലെ റാങ്ക് നില സർക്കാർ കോളേജുകളെ കടത്തിവെട്ടുന്നതാണ്. എറണാകുളത്തപ്പൻ കോളേജിൽ ഒരു കുട്ടി പോലും ഓപ്ഷൻ കൊടുത്തില്ല.

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളിലെ എഞ്ചിനീയറിങ്ങ് കോഴ്സുകളിലെ താല്പര്യം പരിശോധിച്ചാൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങ് കോഴ്സ് (മികച്ച ലാസ്റ്റ് റാങ്ക് 5528) ഏറ്റവും ഡിമാന്‍റോടെ നിൽക്കുന്നതായി കാണാം

രണ്ടാമത്തെ സ്ഥാനം സിവിൽ എഞ്ചിനീയറിങ്ങിനാണ് (മികച്ച ലാസ്റ്റ് റാങ്ക് 8387) .തൊട്ടു പുറകിലായി മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് (മികച്ച ലാസ്റ്റ് റാങ്ക് 8490), തുടർന്ന്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് (മികച്ച ലാസ്റ്റ് റാങ്ക് 9776) ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് (മികച്ച ലാസ്റ്റ് റാങ്ക് 10251), എന്നീ ക്രമത്തിൽ വന്നിട്ടുണ്ട്.

ഉയർന്ന റാങ്കുള്ള വിദ്യാർത്ഥികളുടെ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളോടുള്ള താൽപ്പര്യം പരിശോധിച്ചാൽ രാജഗിരി എഞ്ചിനീയറിങ്ങ് കോളേജിലെ (RET) കോഴ്സുകളിൽ പഠിക്കുവാനാണ് വിദ്യാർഥികൾ താൽപ്പര്യം കാണിച്ചിരിക്കുന്നത്. ഫെഡറൽ ബാങ്കിന്‍റെ എഞ്ചിനീയറിങ്ങ് കോളേജ് (FIT), മുത്തൂറ്റ് എഞ്ചിനീയറിങ്ങ് കോളേജ് (MUT) എന്നിവ രണ്ടും മൂന്നും സ്ഥാനത്ത് എത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസിൽ (35000 രൂപ) പഠിക്കുവാൻ സാധിക്കുന്ന സർക്കാർ നിയന്ത്രിത എഞ്ചിനീയറിങ്ങ് കോളേജുകളുടെ പുറകിലാണ് സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളോടുള്ള വിദ്യാർത്ഥികളുടെ താൽപ്പര്യം. ആദ്യ അല്ലോട്മെന്റിൽ കിട്ടിയവർ എല്ലാം ചേർന്നോളണമെന്നില്ല . അടുത്ത റൗണ്ടിന് മുൻപായി ചിത്രം കൂടുതൽ വ്യക്തമാവും

എൻജിനിയറിങ് പ്രവേശനം തുടങ്ങുമ്പോൾ

0

കഴിഞ്ഞ വർഷം കോളേജിൽ പ്രവേശനം നേടി സാങ്കേതിക സർവ്വകലാശാലയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ കണക്കു വെച്ച് നോക്കിയാൽ അൻപതോളം കോളേജുകൾ പൂട്ടേണ്ടി വരും. ഭീകരമായ അവസ്ഥയാണ്. ഈ വർഷവും മാറ്റം വരാൻ ഇടയില്ല. അതുകൊണ്ടു മാനേജ്മെന്റുകളുടെ ഫോൺവിളി കേട്ട് ഓടിപ്പോയി ചേരേണ്ട.

സംസ്ഥാന എൻജിയിയറിങ്/ മെഡിക്കൽ റാങ്ക് ലിസ്റ്റ് വന്നു കഴിഞ്ഞു. ഇന്നു മുതൽ ഓപ്ഷൻ രെജിസ്ട്രേഷൻ ആരംഭിക്കും. ഓപ്ഷൻ കൊടുക്കുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ ആദ്യമായി എൻജിയറിങ് കോളേജുകളുടെ കാര്യം പറയാം. അതിനു ശേഷം മെഡിക്കലിലേക്കു വരാം. മെഡിക്കലിന്റെ ചിത്രം കുറച്ചുകൂടി തെളിയാനുണ്ട്.

കഴിഞ്ഞ പല വർഷങ്ങളിലും നല്ല റാങ്ക് ഉള്ള കുട്ടികൾ പോലും തല്ലിപ്പൊളി കോളേജുകളിൽ ഓപ്ഷൻ കൊടുത്തതിന്റെ ഭാഗമായി മോശം കോളേജുകളിൽ അലോട്ട്‌മെന്റ് കിട്ടുകയും ചേരേണ്ടിവരികയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു ഇത്തവണ ഓപ്ഷൻ കൊടുക്കുന്നതിനു മുൻപ് കഴിഞ്ഞ വർഷം ഓരോ കോളേജിലും ബാക്കി വന്ന സീറ്റുകളുടെ കണക്കു ഇവിടെ തരാം. ഇതിൽ രഹസ്യമൊന്നുമില്ല. സത്യസന്ധമായ പട്ടിക പ്രകാരമുള്ളതാണ് ഈ കണക്ക്.

കഴിഞ്ഞ വർഷം കോളേജിൽ പ്രവേശനം നേടി സാങ്കേതിക സർവ്വകലാശാലയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ കണക്കു വെച്ച് നോക്കിയാൽ അൻപതോളം കോളേജുകൾ പൂട്ടേണ്ടി വരും. ഭീകരമായ അവസ്ഥയാണ്. ഈ വർഷവും മാറ്റം വരാൻ ഇടയില്ല. അതുകൊണ്ടു മാനേജ്മെന്റുകളുടെ ഫോൺവിളി കേട്ട് ഓടിപ്പോയി ചേരേണ്ട. മെറിറ്റിൽ കിട്ടിയാൽ നല്ല കോളേജിൽ ചേരാൻ നോക്കുക. കഴിഞ്ഞ വർഷം ഏറ്റവും കുറവ് കുട്ടികൾ ചേർന്ന കോളേജാണ് ശ്രീ എറണാകുളത്തപ്പൻ കോളേജ്. അവിടെ ആകെ അനുവദിക്കപ്പെട്ട 240 സീറ്റിൽ കേവലം ആറു പേരാണ് ചേർന്നത്. തൃശൂർ ജില്ലയിലെ മുപ്ലിയത്താണ് ഈ കോളേജ്. തൃശൂർ ജില്ലയിലെ തന്നെ മറ്റൊരു കോളേജ് ആയ ആക്സിസ് കോളേജിൽ ആകെ പതിമൂന്നു പേരാണ് ചേർന്നത്. അവിടെ 420 സീറ്റാണ് ആകെയുള്ളത്. ഇത്രയും സീറ്റുണ്ടായിട്ടും നൂറു കുട്ടികൾ പോലും ചേരാത്ത അമ്പതിലധികം കോളേജുകൾ ഉണ്ട്.

മലപ്പുറത്തെ വേദവ്യാസ കോളേജിൽ ആകെ 420 സീറ്റ് ഉള്ളതിൽ കേവലം 33 പേരാണ് ചേർന്നത്. നോർത്ത് പറവൂരിലെ മാതാ കോളേജിൽ ആകെയുള്ള 360 സീറ്റിൽ ചേർന്നത് 28 പേരാണ്. മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും കൂടിയുള്ള കണക്കാണിത്. എറണാകുളം ജില്ലയിലെ ക്രൈസ്റ്റ് നോളേജ് സിറ്റിയിൽ 300 സീറ്റ് ഉണ്ട്. ചേർന്നത് 24 പേർ മാത്രം. അങ്ങനെ പോകുന്നു കണക്കുകൾ

സ്വകാര്യ സ്വാശ്രയ കോളേജുകളിൽ മുൻപന്തിയിൽ നിൽക്കുന്ന കോളേജുകൾ രാജഗിരി, മുത്തൂറ്റ് , ഫിസാറ്റ് , ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്, അമൽ ജ്യോതി, സെന്റ് ഗിറ്റ്സ്, മാർ ബസേലിയോസ് , വിമൽ ജ്യോതി , ആദിശങ്കര, മരിയൻ കോളേജ് എന്നിങ്ങനെയാണ്. ഇത് റിസൾട്ടിന്റെ അടിസ്ഥാനത്തിൽ അല്ല. ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്ന കോളേജുകൾ ആണിവ.

ഏറ്റവും മോശവും ഏറ്റവും നല്ലതുമായ കോളേജുകളിൽ ചിലതു കൊടുത്തുവെന്നേയുള്ളു. നല്ല കോളേജുകൾ വേറെയുമുണ്ട്. എറണാകുളത്തു എസ് സി എം എസ്, ടോക് എച് , ശ്രീനാരായണ ഗുരുകുലം എന്നിവ മോശമല്ല. ഫിസാറ്റ് നടത്തുന്നത് ഒരു ട്രേഡ് യൂണിയൻ ആണ്. അതായത് ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ . അതുകൊണ്ടു സ്വന്തം കോളേജ് പോലെയുള്ള സ്വാർഥതാൽപ്പര്യം അവിടെയുണ്ടാവില്ല. ഞാൻ അനുഭവിച്ചറിഞ്ഞതാണ് അത്. രേഖകൾ പിടിച്ചുവെക്കലൊന്നും അവിടെയില്ല.

പൂട്ടിയത് പന്ത്രണ്ടു കോളേജുകൾ

വേണ്ടത്ര കുട്ടികൾ ഇല്ലാത്തതിനാൽ നടത്തിക്കൊണ്ടു പോകാൻ പറ്റാതെ പന്ത്രണ്ടു കോളേജുകൾ ഇതിനകം പൂട്ടിയിട്ടുണ്ടെന്നു അറിയുക. അതിൽ ഒരു കോളേജ് പോളി ആക്കി മാറ്റി. മറ്റുള്ളവയിൽ പഠിച്ച കുട്ടികൾ മറ്റു കോളേജുകളിലേക്കു മാറിക്കൊണ്ടിരിക്കുന്നു. ഇനി പൂട്ടിയ കോളേജുകൾ ഏതൊക്കെയെന്നു നോക്കാം…

1.അർച്ചന കോളേജ് ഓഫ് എൻജിയിറിംഗ്
2.ആര്യനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
3.കെ എം പി കോളേജ് ഓഫ് എൻജിയിറിംഗ്
4.കെ വി എം കോളേജ് ഓഫ് എൻജിയിറിംഗ്
5.മൂകാംബിക ടെക്നിക്കൽ ക്യാമ്പസ്
6.പങ്കജകസ്തൂരി കോളേജ് ഓഫ് എൻജിയിറിംഗ്
7.പിനാക്കിൾ സ്കൂൾ ഓഫ് എൻജിയിയറിങ് ആൻഡ് ടെക്നോളജി
8.പ്രൈം കോളേജ് ഓഫ് എൻജിയിറിംഗ്
9.ഷാഹുൽ ഹമീദ് മെമ്മോറിയൽ എൻജിയിറിംഗ് കോളേജ്
10.സെന്റ് ഗ്രീഗോറിയോസ് കോളേജ് ഓഫ് എൻജിയിറിംഗ്
11.ട്രാവൻകൂർ എൻജിയിറിംഗ് കോളേജ്
12.യൂനുസ് കുഞ്ഞു കോളേജ് ഓഫ് എൻജിനിയറിങ്, തലച്ചിറ, കൊല്ലം.

ഈ കോളേജുകൾ ഇത്തവണ ഓപ്ഷൻ പട്ടികയിൽ കാണുകയില്ല. പക്ഷെ പട്ടികയിൽ പേര് കാണുന്ന കോളേജുകളിൽ പലതും ഇത് പോലെ വരും വർഷങ്ങളിൽ പൂട്ടാനുള്ളവയാണ്. നല്ലതു മാത്രം നില നിൽക്കും. അല്ലാത്തവയിൽ ചേർന്ന് കഷ്ടപ്പെടരുതെന്നു വിദ്യാർഥികളോടും അവരുടെ രക്ഷാകർത്താക്കളോടും അഭ്യർത്ഥിക്കട്ടെ. ഓപ്ഷൻ രെജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ചു മറ്റെവിടെയും കാണാത്ത കാര്യങ്ങൾ നിങ്ങൾക്ക് ഇവിടെ പ്രതീക്ഷിക്കാം. ഇതൊരു വ്യത്യസ്തമായ കർമ്മമേഖലയാണ്. ലാഭം ഇവിടെ ഉദ്ദേശിക്കുന്നില്ല.

എം വി ആറും യെച്ചൂരിയും

0

സി പി എമ്മിലെ തർക്കം മുറുകുമ്പോൾ പഴയ ഒരു സംഭവം ഓർത്തു പോകുന്നു. 1985 ൽ ആണ് ആ സംഭവം. മുസ്ലിം ലീഗിനെയും കേരള കോൺഗ്രസിനെയും കൂടെ കൂട്ടി കോൺഗ്രസിനെ നേരിടാമെന്നുള്ള ആശയം അന്ന് കണ്ണൂരിൽ നിന്നുള്ള പ്രഗത്ഭനായ നേതാവ് എം വി രാഘവൻ അഭിപ്രായപ്പെട്ടതു വലിയ ചലനങ്ങളാണ് പാർട്ടിയിൽ ഉണ്ടാക്കിയത്. ബദൽ രേഖ എന്നറിയപ്പെട്ട ഈ സമീപനരേഖ പക്ഷെ കൽക്കത്ത പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൊച്ചിയിൽ നടന്ന നേതൃയോഗത്തിൽ തള്ളപ്പെട്ടു. ഇത് വരെയും എല്ലാ പത്രങ്ങളും കൊടുത്തു.

പക്ഷെ പിറ്റേന്ന് മാതൃഭൂമിയിൽ വന്ന ടോപ് ബ്രേക്ക് അപ്പ് ഐറ്റം രാഘവനും കൂട്ടരും ബദൽ രേഖയുമായി കൽക്കത്തക്ക് എന്ന കെ പ്രഭാകരന്റെ എക്ലൂസിവ് വാർത്തയുമായാണ്. എന്റെ ഓർമ്മയിൽ അന്ന് ബദൽ രേഖക്ക് രാഘവനോടൊപ്പം നായനാരും സി കെ ചക്രപാണിയും ശിവദാസ മേനോനും ഒക്കെ ഉണ്ടായിരുന്നു. ഇത് മറ്റു പത്രങ്ങൾക്കു കിടുക്കം സൃഷ്ടിച്ച ഒരു വാർത്തയായിരുന്നു. നായനാരൊക്കെ പിന്നീട് പിന്മാറിയെങ്കിലും എം വി ആർ പിന്മാറിയില്ല. ഇപ്പോൾ കാരാട്ട് വിഭിന്ന സ്വരം പുറപ്പെടുവിച്ച പോലെയായിരുന്നു അത്. കൽക്കത്ത കോൺഗ്രസിലും അത് തള്ളപ്പെട്ടു . തുടർന്നാണ് രാഘവൻ സിഎംപി രൂപീകരിക്കുന്നത്. ബദൽ രേഖ മലയാളത്തിൽ തയ്യാറാക്കിയത് ചക്രപാണിയാണെന്നു തോന്നുന്നു. കൽക്കത്ത കോൺഗ്രസിൽ ഇംഗ്ലീഷിൽ അവതരിപ്പിച്ചു സംസാരിച്ചത് ശിവദാസ മേനോനും. (മാതൃഭൂമിയിലെ ആദ്യകാല പത്രാധിപരിൽ ഒരാളായ പി നാരായണൻ നായരുടെ മകനാണ് കെ പ്രഭാകരൻ)

അന്ന് മാതൃഭൂമിയിൽ സിപിഎം ഉൾക്കഥകൾ വന്നിരുന്നത് അഥവാ തന്നിരുന്നത് തലസ്ഥാന ലേഖകൻ ആയിരുന്ന കെ പ്രഭാകരൻ ആണ്. പിന്നെയും കുറെ വാർത്തകൾ കെപ്ര എന്ന് ഞങ്ങൾ വിളിക്കുന്ന പ്രഭാകരേട്ടൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. .അത് എം ഡി നാലപ്പാടിന്റെ കാലത്തായിരുന്നതിനാൽ ഇരു ചെവി അറിയാതെ വാർത്ത പത്രത്തിൽ വന്നിരുന്നു. ആർക്കും മോഷ്ടിക്കാൻ ആവാത്ത വിധത്തിൽ ആയിരുന്നു അവ കൈകാര്യം ചെയ്തിരുന്നത്.

പ്രഭാകരേട്ടൻ പിന്നെയും കുറെ പ്രത്യേക വാർത്തകൾ അക്കാലത്തു എഴുതിയിട്ടുണ്ട്. എല്ലാം സത്യമായിരുന്നുതാനും. ബദൽരേഖ വാർത്ത നന്നായി മാതൃഭൂമി സ്കോർ ചെയ്തു. രാഘവന്റെ ചിത്രവുമുണ്ടായിരുന്നു എന്നാണു ഓർമ്മ. ബദൽ രേഖ അങ്ങനെ തന്നെ പകർത്തി കൊടുക്കുകയും ചെയ്തു.

പിന്നീട് സി പി എമ്മിലെ മറ്റൊരു പിളർപ്പ് ഗൗരിയമ്മ പുറത്തുപോയതാണ്. അതിനു പിന്നിൽ ആലപ്പുഴ ലേഖകൻ ആയിരുന്ന പി ടി രത്‌നസിംഗ് എഴുതിയ നിരന്തരമായ വാർത്തകൾ വഴിവെച്ചിട്ടുണ്ടെന്നു പാർട്ടിക്കാർക്ക് പോലും അറിയാം. സി പി എമ്മിലെ ഉൾക്കഥകൾ പിന്നീട് റിപ്പോർട്ട് ചെയ്തതിൽ അധികവും ടി അരുൺകുമാറാണ് (ഇപ്പോൾ ജന്മഭൂമി പത്രാധിപർ). അരുൺകുമാറിന് സി പി എമ്മുമായി നല്ല അടുപ്പവുമായിരുന്നു. ഒരിക്കൽ അദ്ദേഹത്തെ തൃശ്ശൂർക്ക് വീണ്ടും സ്ഥലം മാറ്റിയപ്പോൾ എന്നെയും കൊണ്ട് അദ്ദേഹം പഴയ നേതാക്കന്മാരെ കാണാൻ പോയി. സി പി എം ഓഫീസിൽ അന്ന് ജില്ലാ സെക്രട്ടറി മാമക്കുട്ടിയെ കണ്ടപ്പോൾ ഉടനെ അദ്ദേഹം സ്നേഹത്തോടെ എന്താ അരുൺ എന്ന് ചോദിച്ചതും ഇങ്ങോട്ടു മാറ്റമായി എന്ന് പറഞ്ഞപ്പോൾ നന്നായി എന്ന മറുപടി കേട്ട് അദ്ദേഹം ചിരിച്ചതും ഓർമ്മയുണ്ട്. പിന്നീട് ഞങ്ങൾ സി പി ഐ നേതാവും സി അച്യുതമേനോന്റെ അളിയനുമായ വി വി രാഘവനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു സൗഹൃദം പുതുക്കി. എന്തൊരു എളിമയുള്ള മനുഷ്യനായിരുന്നു…

ഇപ്പോൾ കോൺഗ്രസ് ഇല്ലാതെ ബി ജെ പി യെ തോൽപ്പിക്കണമെന്ന കാരാട്ട് തിയറി അപഹാസ്യമായി തോന്നുന്നു. സി പി എമ്മിന് എവിടെയാണ് ഇപ്പോൾ വേരുള്ളത്. 2019 ൽ കൂടുതൽ ശക്തി പ്രാപിക്കുമോ എന്നറിയില്ല. എങ്കിലും ഒരു പഴയ ഓർമ്മ പങ്കു വെച്ചതാണ്…

വിജ്ഞാനരംഗം പേജും പിന്നാമ്പുറ കഥകളും 

4

ഈയിടെയായി വാട്സ്ആപ്പിൽ പ്രചരിച്ച ഒരു പത്രക്കട്ടിംഗ് കണ്ടു കൗതുകവും അഭിമാനവും തോന്നി. 1988 ലെ കട്ടിങ് ആണത്. കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് മാതൃഭൂമി വിജ്ഞാനരംഗം പേജ് ആണെന്ന്. മാത്രമല്ല ഞാൻ തയ്യാറാക്കിയ പേജും ആയിരുന്നു. മൊബൈൽ ഫോണും വരുന്നു എന്നതായിരുന്നു ഹെഡിങ്. അത് തയ്യാറാക്കിയ യൂനസിനെ ഓർമ്മയില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിരുന്നു ഫോൺ കോളുകൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന റേഡിയോ ഫോണുകൾ ആണ് ഇവയിൽ പ്രധാനപ്പെട്ടത് എന്ന് അതിന്റെ രണ്ടാം പാരയിൽ പറയുന്നതും ഇപ്പോഴത്തെ അവസ്ഥയും ആലോചിച്ചു നോക്കുമ്പോൾ എന്ത് അതിശയം . ഈ ലേഖനം പ്രസിദ്ധപ്പെടുത്തിയ പേജ് തന്നെ ഫോണിലൂടെയാണ് കിട്ടിയത്.

വിജ്ഞാനരംഗം പേജ്

അക്കാലത്തു വിജ്ഞാനരംഗത്തിലേക്കു അധികമായി എഴുതിയിരുന്നത് അക്വൻ എന്ന തൂലികാനാമത്തിലുള്ള ഒരാളാണ്. ബോംബെ ബാർക്കിൽ ജോലി ചെയ്തിരുന്ന വെങ്കടേശ്വരൻ എന്ന വ്യക്തി അക്വൻ എന്ന പേരിലാണ് അന്ന് എഴുതിയിരുന്നത്. ഓസോൺ പാളിയിലെ വിള്ളൽ , ക്ളോറോ ഫ്ലൂറോ കാർബൺ എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം എഴുതിയിരുന്നത് നല്ല ഓർമ്മയുണ്ട്.

ഇതിപ്പോൾ പറയാൻ കാരണം ആ പേജ് സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ തന്നെ അത് മാതുഭൂമിയാണെന്നു ഞാൻ തിരിച്ചറിഞ്ഞത് നിങ്ങളുമായി പങ്കുവെക്കാനാണ്. അന്നൊക്കെ ഞങ്ങൾ ഫീച്ചർ പേജ് ചെയ്യുമ്പോൾ ഹെഡിങ് ലേ ഔട്ടിലെ ആർട്ടിസ്റ്റിനെ കൊണ്ട് എഴുതിപ്പിക്കുമായിരുന്നു. അന്ന് ഞങ്ങളുടെ ലേഔട്ടിൽ ഉണ്ടായിരുന്ന എം പി ഭാസ്കരൻ ആണ് ആ ഹെഡിങ് എഴുതിയത്. സംശയം തീർക്കാൻ ഞാൻ അത് ഭാസ്കരന് അയച്ചുകൊടുത്തു ചോദിച്ചു. അദ്ദേഹത്തിന്റെ അക്ഷരങ്ങൾ നല്ലപോലെ അദ്ദേഹം തിരിച്ചറിഞ്ഞു. ഭാസിക്ക് അന്ന് ഒരു ഹെഡിങ് എഴുതാൻ പതിനഞ്ചു രൂപ കൊടുക്കുമായിരുന്നു. പിന്നീട് അത് ഇരുപതാക്കി കൂട്ടിയതായി എനിക്കറിയാം. അന്ന് വിദ്യാഭ്യാസരംഗത്തിലൊക്കെ ഞാൻ ഭാസിക്ക് അഞ്ചു ഹെഡിങ് കൊടുക്കും. അതിനു അന്ന് നൂറു രൂപ കിട്ടിയിരുന്നത് വലിയ തുകയായിരുന്നു എന്ന് ഭാസി ഓർക്കുന്നു. കെ സി നാരായണൻ തിൻ (Thin) ഹെഡിങ് ആണ് എഴുപ്പിച്ചിരുന്നതെന്നും ഭാസി ഓർത്തു.

മാതൃഭൂമി ലേഔട്ട് വിഭാഗത്തിൽ ഭാസ്കരൻ പണ്ട്

ഭാസിയോടു ഞാൻ പലപ്പോഴും എട്ടു കോളം റിബ്ബൺ എന്നേ പറയു. അങ്ങനെ എഴുതിയതാണ് ഈ മൊബൈൽ ഫോൺ ഹെഡിങ്. ആ വാർത്തയോടൊപ്പം മൊബൈൽ ഫോൺ കണക്ഷൻ ചിത്രീകരണം ലേഖകൻ അയച്ചുതന്നതും കൊടുത്തിട്ടുണ്ട്. ഹ്യൂമാനിറ്റീസ് മാത്രം പഠിച്ച എനിക്ക് ഇതൊക്കെ വലിയ രസകരമായിരുന്നു. വിജ്ഞാനരംഗത്തിൽ ഇവർ എഴുതിയിരുന്നത് അൽപ്പം എഡിറ്റിംഗ് ഒക്കെ നടത്തി പ്രസിദ്ധീകരിച്ചപ്പോൾ വായനക്കാർക്കു എളുപ്പം വായിക്കാനായി. എന്നാൽ എൻ വി കൃഷ്ണവാര്യർ മുഖ്യ പത്രാധിപർ ആയിരിക്കെ തിങ്കളാഴ്ചകളിൽ എഴുതിയിരുന്നത് എനിക്ക് തീരെ മനസ്സിലാവുമായിരുന്നില്ലെന്നു പറയാൻ മടിയില്ല. അദ്ദേഹം എഴുതിയിരുന്നത് അത്ര സങ്കീർണ്ണമായിട്ടാണ്.

റിട്ടയർ ചെയ്ത ഭാസ്കരൻ ഇപ്പോൾ

മാതൃഭൂമി വിജ്ഞാനരംഗം കുറേക്കാലം ഹരികൃഷ്ണൻ (വൺ ഇന്ത്യ) നോക്കിയിരുന്നു. അത് പിന്നീട് നിർത്തിയത് വലിയ നഷ്ടമായി. ഒരിക്കൽ വായനക്കാർക്കിടയിൽ ഒരു സർവ്വേ നടത്തിയപ്പോൾ ഏറ്റവും അധികം പേർക്ക് താൽപ്പര്യം ആ പേജിനോടായിരുന്നു. അങ്ങനെ പോപ്പുലാരിറ്റിയുള്ള പേജ് നിർത്തരുതായിരുന്നു.

പേജ് കണ്ടാൽ ഏതു പത്രം എന്ന് പെട്ടെന്ന് പറയാൻ കഴിയും വിധം തനിമയുള്ളതു നല്ലതാണ്. രാഷ്ട്രീയ വാർത്തകൾ മാത്രം കൊടുത്താൽ കുറെ ജനങ്ങൾക്ക് താൽപ്പര്യം ഉണ്ടാവില്ല. വിജ്ഞാന കാര്യങ്ങൾക്കും ഇടം നൽകണം. ഇപ്പോൾ ബിസിനസ് പേജിനും സ്പോർട്സിനും വല്ലപ്പോഴും കാർഷികത്തിനും ഒക്കെ സ്ഥലം നൽകുന്നതുപോലെ. വിദ്യാഭ്യാസവാർത്തകൾക്കു പോലും മലയാള പത്രങ്ങൾ ഇപ്പോൾ വലിയ പ്രാധാന്യം നൽകുന്നില്ല.

 

 

Latest Articles