2018ൽ കേരളത്തെ ഗ്രസിച്ച മഹാപ്രളയത്തിൽ വിലമതിക്കാനാകാത്ത നൂറുകണക്കിന് പുസ്തകങ്ങൾ നഷ്ടപ്പെട്ടതാണ് എന്നെ ഇന്നും സങ്കടപ്പെടുത്തുന്നത്. കളമശ്ശേരിയിൽ ഞങ്ങൾ താമസിക്കുന്ന ഗ്രൗണ്ട് ഫ്ലോർ ഫ്‌ളാറ്റിൽ ഏട്ടടി ഉയരത്തിൽ വെള്ളം കയറി. കനത്ത നാശനഷ്ടമാണ് എനിക്കുണ്ടായത്. അതിൽ തീരാനഷ്ടമായി ഞാൻ കണക്കാണുന്നത് മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട് വാങ്ങുകയും ശേഖരിക്കുകയും പലപ്പോഴായി സമ്മാനമായി ലഭിക്കുകയും ചെയ്ത പുസ്തകങ്ങൾ വെള്ളം കയറി എന്നന്നേക്കുമായി നശിച്ചുപോയതാണ്. നഷ്ടപ്പെട്ടവയിൽ കുറെയെണ്ണം എന്റെ ഓർമ്മയിൽ നിന്നെടുത്ത് ഇവിടെ കൊടുക്കുന്നു.
മാതൃഭൂമി ബുക്‌സോ, സി ഐ സി സി ജയചന്ദ്രനോ, ഡി സി യോ കുറച്ചെങ്കിലും തന്നിരുന്നെങ്കിൽ അതൊരു വലിയ സഹായവും ആശ്വാസവുമാകുമായിരുന്നു.
നഷ്ടപ്പെട്ട പുസ്‌തകങ്ങളുടെ പട്ടിക നീണ്ടു പോകാതിരിക്കാൻ കുറെയെണ്ണം മനപ്പൂർവ്വം ഒഴിവാക്കിയിട്ടുണ്ട്. വാങ്ങിയശേഷം ഇഷ്ടപ്പെടാതിരുന്ന അവകാശികൾ ഉൾപ്പെടെ കുറെ പുസ്തകങ്ങൾ ഒഴിവാക്കിയവയിൽ പെടുന്നു.
നഷ്ടപ്പെട്ട പുസ്തകങ്ങളിൽ കുട്ടിക്കൃഷ്ണ മാരാരുടെ ഭാരത പര്യടനം, ഡി സി യുടെ ശബ്ദതാരാവലി, പുരാണിക് എൻസൈക്കളോപീഡിയ, സഞ്ജയ് ബാരു എഴുതിയ ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ, എം കെ കെ നായരുടെ ആരോടും പരിഭവമില്ലാതെ, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ, യു എ ഖാദറിന്റെ തൃക്കോട്ടൂർ പെരുമ, വി കെ മാധവൻകുട്ടിയുടെ പത്രപ്രവർത്തനം എന്ന യാത്ര, ഖലീൽ ജിബ്രാന്റെ ദി പ്രോഫറ്റ്, ബ്രോക്കെൻ വിങ്‌സ്, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല, ലോഗന്റെ മലബാർ മാനുവൽ, മാധവൻ നായരുടെ മലബാർ കലാപം, സേതു, മുകുന്ദൻ, എം ടി, എസ് കെ പൊറ്റെക്കാട്ട്, മലയാറ്റൂർ, സി രാധാകൃഷ്ണൻ, റോസി തോമസ് എഴുതിയ ഇവൻ എന്റെ പ്രിയ സീ ജെ, മലയാറ്റൂർ, ഒ വി വിജയൻ, തകഴി, മാധവിക്കുട്ടി തുടങ്ങിയവരുടെ പുസ്തകങ്ങൾ, കെ രാധാകൃഷ്ണൻ, കെ രഘുനാഥൻ, ആർ കെ ദാമോദരൻ, എസ് കൃഷ്ണൻകുട്ടി എന്നിവരുടെ പുസ്തകങ്ങൾ എന്നിവ പെടുന്നു.
കെ എ അബ്ബാസ്സിന്റെ മേരാ നാം ജോക്കർ (ഇംഗ്ലീഷ്), വി ആർ കൃഷ്ണ അയ്യരുടെ ജീവചരിത്രം, അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്‌സ് (അത് വായിച്ചിട്ടില്ല, വേണമെന്നുമില്ല) , പിന്നെ കുട്ടിക്കാലത്തു വായിച്ച കമലാദാസിന്റെയും മറ്റും ഇംഗ്ലീഷ് കവിതകൾ , കൺഫെഷൻ ഓഫ് എ ഡ്രഗ് അഡിക്ട് ( ഓതർ ഓർമ്മയില്ല ), പഴയ ഇല്ലസ്ട്രേറ്റഡ് വീക്കിലികൾ എന്നിവയും നഷ്ടപ്പെട്ടു. .ഇവയിൽ പലതും എനിക്ക് ഏറെ ഇഷ്ടപ്പെട്ടവയായിരുന്നു.
അങ്ങനെ അങ്ങനെ ഒട്ടേറെ പുസ്തകങ്ങൾ… ഇതാണ് വലിയ നഷ്ടം… നികത്തപ്പെടാനാകാത്ത നഷ്ടം.
കെ എൻ ഷാജി എഡിറ്റ് ചെയ്ത ജോൺ അബ്രഹാം , ചിത്രകാരൻ എ എസ്, പത്രപ്രവർത്തകൻ കെ ജയചന്ദ്രൻ എന്നിവരുടെ ജീവചരിത്ര പുസ്തകങ്ങൾ , ഇനിയും കുറെ വരും . മാതൃഭൂമിയിൽ ചേർന്നപ്പോൾ ഡെപ്യൂട്ടി എഡിറ്റർ വി എം കൊറാത്ത് തന്ന മാതൃഭൂമിയുടെ ചരിത്രവും ( കറുത്ത ചട്ട), നഷ്ടപ്പെട്ടവയിൽ പെടുന്നു. ഇംഗ്ലീഷ് പുസ്തകങ്ങൾ കുറെ വേറെ വരും . അതിലധികവും മോൾ വരുമ്പോൾ ഞങ്ങൾ മൂന്നു പേരും കൂടി ഡി സി യിലും സി ഐ സി സി യിലും ബ്ലോസം ബുക്സിലും നിന്ന് വാങ്ങിയവയാണ്. ഓൺലൈൻ വഴി വാങ്ങിയവ വേറെയും. മോൾ വാങ്ങിയ ചേതൻ ഭഗത് , അമിഷ് ത്രിപാഠി തുടങ്ങിയവരുടെ പുസ്തകങ്ങൾ എന്നിവയെല്ലാം നഷ്ടപ്പെട്ടവയിൽ പെടും . ഭാര്യയുടെ ശേഖരത്തിൽപ്പെട്ട രാമായണം, മഹാഭാരതം, ഭഗവദ് ഗീത എന്നിവ ഞാനും വായിച്ചിരുന്നു. അതുകൂടാതെ അവർ ആവശ്യപ്പെട്ടത് പ്രകാരം ഗുരുവായൂരിൽ നിന്നും കുരുക്ഷേത്ര ബുക്സിൽ നിന്നും വാങ്ങിയ കുറെയേറെ പുസ്തകങ്ങൾ.
ഞാൻ എം എ ക്കു പഠിച്ചപ്പോൾ കാശ് കൊടുത്തു വാങ്ങിയ സ്റ്റോണിയർ ആൻഡ് ഹേഗിന്റെ പ്രൈസ് തിയറി മുതലായ പുസ്തകങ്ങളും പോയി. അത് പോട്ടെ എന്ന് വെക്കാം. പ്രഭാത് ബുക്ക്സ് പ്രസിദ്ധീകരിച്ച മൂലധനം തുടങ്ങിയ മലയാള വിവർത്തനങ്ങൾ, പി യുടെ ആത്മകഥയായ കവിയുടെ കാൽപ്പാടുകൾ, നമ്പ്യാർ സാറിന്റെ നല്ല ഇംഗ്ലീഷ് ആദ്യ പതിപ്പ് ,വി രാജഗോപാലിന്റെ ഒരു പുസ്തകം, സുനിൽ ഞാളിയത്ത് ബംഗാളിയിൽ നിന്നും പരിഭാഷപ്പെടുത്തിയ പുസ്‌തകങ്ങൾ, വിവേകാനന്ദ സാഹിത്യ സർവ്വം, ഞാൻ എഴുതിയ ലേഖനങ്ങളുടെ കൈപ്പടകൾ, പഴയ മാതൃഭൂമി പത്രങ്ങൾ, ആഴ്ചപ്പതിപ്പ് ശേഖരം ബൈൻഡ് ചെയ്തു സൂക്ഷിച്ചത് …അങ്ങനെ അങ്ങനെ പോകുന്നു നഷ്ടങ്ങളുടെ കണക്ക്, പറഞ്ഞാൽ തീരില്ല. ഇവ നഷ്ടപ്പെട്ടതാണ് സഹിക്കാനാകാത്തത്…
അഞ്ചു ദിവസം വീട് മുഴുവൻ വെള്ളത്തിൽ ആയിരുന്നു. തിരിച്ചു വന്നപ്പോൾ വെള്ളത്തിൽ കുതിർന്ന പുസ്തകങ്ങളാണ് കണ്ടത് . വെയിലത്ത് ഇട്ടു ഉണക്കിയെങ്കിലും പേജുകൾ കൂട്ടിപ്പിടിച്ച അവസ്ഥയിൽ തുറക്കാനാവാത്ത സ്ഥിതിയായിരുന്നു. എന്നിട്ടും ചിലതു അലമാരയിൽ സൂക്ഷിച്ചിട്ടുണ്ട്. പക്ഷെ തുറക്കാനാവില്ല. എന്റെ എസ് എസ് എൽ സി പുസ്തകവും കൂട്ടത്തിൽ എവിടെയോ പോയി. ഞങ്ങൾ പോയപ്പോൾ ബാഗുകൾ കാറിൽ വെച്ചിരുന്നതിനാൽ ആധാരം, ആധാർ കാർഡുകൾ , ബാങ്ക് പാസ് ബുക്കുകൾ തുടങ്ങിയവ നഷ്ടമായില്ല.