മാതൃഭൂമിയിൽ 1990 ലാണ് ഞാൻ വിദ്യാഭ്യാസരംഗം ചുമതല എൽക്കുന്നത് . അത് റിട്ടയർമെന്റ് വരെ തുടർന്നു. കേരളത്തിൽ മറ്റേതെങ്കിലും ജേർണലിസ്റ്റിന് ഈ ഭാഗ്യം കിട്ടിയതായി അറിയില്ല. തൊണ്ണൂറുകളിൽ പംക്‌തിയിൽ പല പരീക്ഷണങ്ങളും ഞാൻ നോക്കുകയുണ്ടായി. അന്ന് ഫുൾപേജും ഒന്നേമുക്കാൽ പേജ് വരെയും വിദ്യാഭ്യാസരംഗത്തിനു വേണ്ടി നീക്കിവെക്കുകയുണ്ടായിട്ടുണ്ട്. അന്ന് കൊണ്ടുവന്ന പംക്തികളിൽ പ്രധാനം നല്ല ഇംഗ്ലീഷ്, വിശ്വസാഹിത്യം, കളിപഠിച്ചു കളിക്കാം എന്നിവയായിരുന്നു.

Ajith
ടി അജിത്‌

അന്ന് വിശ്വസാഹിത്യം തയ്യാറാക്കാൻ ശ്രീ ടി അജിത്തിനെ പൂർണ്ണവിശ്വാസത്തോടെയാണ് ചുമതലപ്പെടുത്തിയത്. മതി എന്ന് പറയുന്നത് വരെ അജിത് അത് ഏറെ ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ഞാൻ കോഴിക്കോട്ടു പരിശീലനം ലഭിച്ച വ്യക്തിയായതു കൊണ്ട് ഏറെ അടുപ്പമുള്ളവരെ അവൻ, എടാ എന്നൊക്കെ വിളിച്ചിരുന്നു. അജിത് എന്റെ ജൂനിയർ ആയതുകൊണ്ടു പ്രത്യേകിച്ചും. വിശ്വസാഹിത്യം ഏൽപ്പിച്ച ശേഷം അജിത് ഒരാഴ്ച പോലും മുടക്കിയിട്ടില്ല. ചിലപ്പോൾ രണ്ടും മൂന്നും ആഴ്ചക്കുള്ളത് ഒരുമിച്ചുതരും എന്ന് മാത്രം. 93 മുതൽ 98 വരെയാണ് വിശ്വസാഹിത്യം പ്രസിദ്ധപ്പെടുത്തിയത് എന്നാണു ഓർമ്മ. വിദ്യാഭ്യാസരംഗം പേജിന്റെ വലിപ്പം കുറച്ചതോടെയാണ് പംക്തികൾ അവസാനിപ്പിക്കാൻ നിർബന്ധിതമായത്. അന്ന് അത് വായിച്ചവർ എന്റെ എഫ് ബി സുഹൃദ്‌വലയത്തിൽ തന്നെ കാണും.

Ajith
ടി അജിത്‌

അന്നും ഇന്നും കോളേജ് ക്ലാസ്സുകളിൽ ഏതിലായാലും ഷേക്‌സ്‌പിയറുടെ ഏതെങ്കിലും ഒരു കൃതി പഠിച്ചിരിക്കണം. അതുകൊണ്ടു അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികളും മലയാളത്തിൽ ചുരുക്കി എഴുതാനാണ് അജിത്തിനോട് ഞാൻ ആവശ്യപ്പെട്ടത്. അറിയപ്പെടുന്ന ക്വട്ടെഷനുകൾ വിട്ടുപോകാതെ ആ ക്വട്ടെഷനും രംഗവും ഓരോ ലക്കത്തിലും എടുത്തെഴുതണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം മനോഹരമായി അജിത് നിർവഹിച്ചു. വായനക്കാരിൽ നിന്ന് നല്ല ഫീഡ്ബാക്കും കിട്ടിയിരുന്നു.

“Frailty, Thy Name is Woman” എന്ന ഹാംലെറ്റിലെ ക്വട്ടെഷനു “ചാപല്യമേ നിന്റെ പേരോ സ്ത്രീ” എന്ന പ്രസിദ്ധ പരിഭാഷയും മറ്റും കൊടുത്തിരുന്നു. ടെംപെസ്റ്റ് വളരെ മനോഹരമായി എഴുതി. അതിലെ “The rarer action is in virtue than in vengeance” എന്ന ക്വട്ടെഷന് “പക വീട്ടുന്നതിലല്ല, കരുണ കാണിക്കുന്നതിലാണ് യഥാർഥ മഹത്വം” എന്ന പരിഭാഷയാണ് കൊടുത്തിരുന്നത്. അതുപോലെ മിഡ്‌സമ്മർ നൈറ്റ്സ് ഡ്രീംസിലെ “The course of true love never did run smooth” എന്നതിന് “തടസ്സമില്ലാതൊഴുകില്ല ഗാഢപ്രണയം” എന്നുമൊക്കെയാണ് കൊടുത്തത് ഒട്ടേറെ വൈവിധ്യമുള്ള ക്വട്ടേഷനുകളും അവയുടെ പരിഭാഷയും കൊടുത്തത് വായനക്കാർക്കു ബോധിച്ചു. ഷേക്‌സ്‌പിയറിന്റെ അവസാന കൃതിയായി കരുതപ്പെടുന്ന ടെംപെസ്റ്റ് മനോഹരമായി കൊടുത്തത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.
അതുപോലെ “ജീവിതം ഏതോ വിഡ്ഢി പറഞ്ഞ കഥ പോലെ അർത്ഥമില്ലാത്ത ബഹളവും ഒച്ചപ്പാടും മാത്രമായി (The life is tale told by an idiot full of sound and fury signifying nothing)” എന്ന മാക്ബെത്തിലെ പ്രസിദ്ധമായ ഉദ്ധരണിയും കൊടുത്തിരുന്നു.

Viswasahithyam
വിശ്വസാഹിത്യം

സ്വതവേ ദേഷ്യക്കാരനായ അന്നത്തെ ഞങ്ങളുടെ ന്യൂസ് എഡിറ്റർ വിജയശങ്കറിനു ഷേക്‌സ്‌പിയർ പരമ്പര വല്ലാതെ ഇഷ്ട്ടപ്പെട്ടു. അദ്ദേഹം തന്റെ മേശപ്പുറത്തു വെക്കുന്ന ഡയറിയിൽ ക്വട്ടെഷനുകൾ വിവർത്തനം സഹിതം കൊടുത്തിരുന്നത് വെട്ടിയെടുത്തു വെച്ചത് എന്നെ കാണിച്ചുതരികയും ചെയ്തപ്പോളാണ് ഞാൻ വിശ്വസിച്ചത്. അത് പംക്തി തുടരാൻ പ്രോത്സാഹനമായി.

ഓരോന്നും പ്രസിദ്ധപ്പെടുത്തുമ്പോൾ അജിത്തിന് പലരിൽ നിന്നും പ്രോത്സാഹനം ലഭിച്ചിച്ചിരുന്നു. ചിലതു എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാം ഓർമ്മയില്ല. നമ്പ്യാർ സർ, ഭരതൻ സർ എന്നിവർ അജിത്തിനെ പ്രോത്സാഹിപ്പിച്ചവരിൽ പെടും.

ഷേക്‌സ്‌പിയർ കൃതികൾക്ക് ശേഷം മറ്റു പ്രസിദ്ധ കൃതികളും എഴുതി. Wuthering Heights by Emily Brontë ,Moby-Dick by Herman Melville,David Copperfield by Charles Dickens,The Adventures of Huckleberry Finn by Mark Twain,Lord of the Flies by William Golding എന്നിവ അവയിൽ പെടുന്നു. മോബിഡിക്കിനു ലഭിച്ച വായനക്കാരുടെ പ്രോത്സാഹനം എന്നെ തന്നെ അത്ഭുതപ്പെടുത്തി.

വിശ്വസാഹിത്യം
വിശ്വസാഹിത്യം

അന്ന് രാത്രി വൈകിയുള്ള ഷിഫ്റ്റിൽ ഞാൻ ജോലി ചെയ്യുമ്പോൾ ഒന്നാം നിലയിലെ ന്യൂസ്‌റൂമിൽ നിന്ന് ഗ്രൗണ്ട് ഫ്ലോറിലുള്ള ലേ ഔട്ടിൽ പോയി തിരിച്ചുകയറുമ്പോൾ വെളുപ്പിന് രണ്ടര ആയിക്കാണും. അപ്പോൾ ലൈബ്രറിയിൽ ഇരുന്നു വായിക്കുന്ന അജിത്തിനെ കണ്ടു എനിക്ക് തന്നെ അത്ഭുതവും അഭിമാനവും തോന്നിയിട്ടുണ്ട്.

അന്ന് ഒരു ലക്കത്തിനു അവനു കൊടുത്തിരുന്ന പ്രതിഫലം നൂറ്റമ്പതു രൂപയാണ്. ഡെസ്കിൽ ആരോ ഒരിക്കൽ ആ തുക വളരെ കുറവാണെന്നു പറഞ്ഞപ്പോളാണ് അത് ഇരുന്നൂറ്റി അമ്പതു ആക്കി കൂട്ടി എഴുതിയത്. ഞാൻ എഴുതുന്ന പ്രതിഫലത്തുകയിൽ കമ്പനി ഒരിക്കൽ മാത്രമേ വിയോജിച്ചിട്ടുള്ളു. അത് ഞാൻ മനോഹരമായി കൈകാര്യം ചെയ്തു. പിന്നെ ഒരിക്കൽ പോലും എത്ര വലിയ തുക എഴുതിയാലും കമ്പനി എതിർത്തിട്ടില്ല എന്ന് നന്ദിപൂർവ്വം സ്മരിക്കട്ടെ. അജിത് ഈയിടെ ദീർഘകാല സെർവീസിന്‌ ശേഷം മാതൃഭുമിയിൽ നിന്ന് വിരമിച്ചു. അപ്പോൾ ഓർത്തുപോയ കാര്യങ്ങൾ കുറിച്ചതാണ്.

വിശ്വസാഹിത്യം
വിശ്വസാഹിത്യം

വാൽക്കഷ്ണം: വർഷങ്ങൾക്കു ശേഷം ശ്രീ ഒ കെ ജോണി മാതൃഭൂമി ബുക്ക്സ് മാനേജർ ആയി വന്നപ്പോൾ ഇവ എല്ലാ ലക്കവും സമാഹരിച്ചും അധികമായി ചിലതു കൂടി എഴുതിപ്പിച്ചും പുസ്തകം ഇറക്കാൻ ഒരു ശ്രമം നടത്തി. കമ്പോസ് ചെയ്തു പ്രൂഫ് വായന അജിത് തന്നെ തീർത്തുകൊടുത്തതാണെങ്കിലും അപ്രതീക്ഷിതമായി ജോണി മാതൃഭൂമി വിട്ടതോടെ അത് എവിടെയെന്നു ആർക്കും അറിയാതായി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.