self financing entrance remedy

സ്വാശ്രയ കോളേജുകളിലെ പ്രവേശനം പതിവുപോലെ മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മിലുള്ള പിടിവാശിയിലോ ഒത്തുതീര്‍പ്പിലോ അവസാനിക്കുമ്പോള്‍ ക്ലേശിക്കുന്നത് വിദ്യാര്‍ത്ഥികളോ അവരുടെ രക്ഷകര്‍ത്താക്കളോ ആണ്. വാ തുറന്നാല്‍ ടി.എം.എ പൈ കേസ് പരാമര്‍ശിക്കുന്ന മാനേജ്‌മെന്റുകള്‍ അവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ നിന്ന് ഇക്കഴിഞ്ഞ മെയ് 2ന് വന്ന വിധിയെക്കുറിച്ച് മൗനം പാലിക്കുന്നു.

മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടു വന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവേശന നിയമത്തെ വെല്ലുവിളിച്ച് ആ സംസ്ഥാനത്തെ മോഡേണ്‍ ഡന്റല്‍ കോളേജും മറ്റു ചിലരും നല്‍കിയ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളുകയും സംസ്ഥാന നിയമത്തെ ശരി വയ്ക്കുകയും ചെയ്തു. ഇതിനെതിരെ ഹര്‍ജിക്കാര്‍ സുപ്രീകോടതിയില്‍ വന്നപ്പോഴാണ് ഭരണഘടനാ ബഞ്ച് വിശദമായ വാദം കേട്ട ശേഷം സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കാര്യമായ പങ്കുണ്ടെന്ന് വിധിച്ചത്. ജസ്റ്റിസുമാരായ അനില്‍ ദവെ, എ.കെ സിക്രി, ആര്‍.കെ അഗര്‍വാള്‍, എ.കെ ഗോയല്‍, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബഞ്ച് പുറപ്പെടുവിച്ച വിധിയിലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ റിട്ട.ജസ്റ്റിസ് ആര്‍.എം.ലോധ, മുന്‍ സി.എ.ജി വിനോദ് റായ്, ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സ് ഡയറക്ടര്‍ ഡോ.ശിവ സരിന്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റിയെ നിയോഗിച്ചത്. സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം സംബന്ധിച്ച ഏറ്റവും പുതിയ വിധി ഇതാണ്.

സ്വാശ്രയ കേസിന്റെ ചരിത്രം മുഴുവന്‍ വിശദീകരിക്കുന്ന, ഇരുന്നൂറോളം പേജ് വരുന്ന ഈ വിധിയില്‍ 1993ലെ ഉണ്ണികൃഷ്ണന്‍ കേസ് മുതലുള്ള ചരിത്രം പരിശോധിക്കുന്നു. 50 ശതമാനം ഫ്രീ സീറ്റില്‍ കുറഞ്ഞ ഫീസും ശേഷിക്കുന്ന 50 ശതമാനത്തില്‍ കൂടിയ ഫീസും ആവാമെന്നതായിരുന്നു ആ വിധിയിലെ ഉള്ളടക്കം. അതനുസരിച്ചാണ് 2002 വരെ രാജ്യത്തെങ്ങും പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നടന്നത്. എന്നാല്‍ 2002ല്‍ ടി.എം.എ പൈ കേസില്‍ സുപ്രീംകോടതി തന്നെ ഈ വിധി നിരാകരിക്കുകയാണുണ്ടായത്. ഉണ്ണികൃഷ്ണന്‍ കേസിലെ വിധി ഭരണഘടനാവിരുദ്ധമാണെന്നും പ്രസ്തുത ബഞ്ച് വിലയിരുത്തി. തുടര്‍ന്ന് 2003ല്‍ ഇസ്ലാമിക് അക്കാദമി കേസിലും 2005ലെ ഇനാംദാര്‍ കേസ് വിധിയുമാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് വ്യാഖ്യാനിക്കുന്നത്. എന്നാല്‍, 2016 മെയ് 2ന്റെ വിധിയില്‍ ഈ മൂന്ന് വിധികളും പിന്നീട് 2010 ല്‍ വന്ന പ്രിയദാസ് ഗുപ്ത കേസ് വിധിയുമെല്ലാം വിശദമായി പരിശോധിച്ചാണ് സ്വാശ്രയകോളേജ് പ്രവേശനക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിശബ്ദക്കാഴ്ചക്കാര്‍ ആകരുത് എന്ന് പറയുന്നത്.

വിധിയിലെ പ്രസക്ത ഭാഗം നോക്കുക. ‘It is, therefore, to be borne in mind that the occupation of education cannot be treated at par with other economic activities. In this field, State cannot remain a mute spectator and has to necessarily step in, in order to prevent exploitation, privatization and commercialisation by the private sector’.

പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം നിയന്ത്രിക്കുന്നതിന് സുപ്രീംകോടതി എല്ലാ സംസ്ഥാനത്തും പ്രവേശനമേല്‍നോട്ട സമിതികളെ നിയമിക്കാന്‍ നിര്‍ദേശിച്ചത് താല്‍ക്കാലിക ഏര്‍പ്പാടാണെന്നും ഓരോ സംസ്ഥാനവും സ്വന്തമായി നിയമം ഉണ്ടാക്കുന്നതു വരെയേ പ്രസ്തുത സമിതികള്‍ ആവശ്യമുള്ളൂവെന്നും പറയുന്നുണ്ട്.

ഈ വിധി ന്യായം അഞ്ച് ജഡ്ജിമാരുടെ ഏകകണ്ഠമായ വിധിയായിരുന്നു. അതിന്റെ താഴെ ജസ്റ്റിസ് ഭാനുമതി ഒരു പ്രത്യേക പരാമര്‍ശവും നടത്തിയിട്ടുണ്ട്. സാമാന്യം സുദീര്‍ഘമായ ആ ഭാഗത്ത്, സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിനായി പ്രവേശനയോഗ്യത നിശ്ചയിക്കാമെന്നും AICTE യുടെയോ MCI യുടെയോ മിനിമം മാര്‍ക്ക് അവിടെ തടസമാകില്ലെന്നും അതില്‍ പറയുന്നു.

ഇത്രയൊക്ക സംഭവിച്ചിട്ടും ഈ വര്‍ഷം സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സ്വാശ്രയകോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഹര്‍ജിക്കാരോ അഡ്വക്കേറ്റ് ജനറലോ അത് പരാമര്‍ശിച്ചതായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ കാണുന്നില്ല. ഹര്‍ജിക്കാരുടെ വാദങ്ങള്‍ ടി.എം.എ പൈ കേസ്, ഇസ്ലാമിക് അക്കാദമിക് കേസ്, ഇനാംദാര്‍ കേസ് എന്നിവയിലെ പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഉത്തരവിൽ എടുത്തു പറയുന്നു. അതേസമയം, എന്തുകൊണ്ട് സര്‍ക്കാര്‍ ഇങ്ങനെ ഒരു നടപടി എടുത്തു എന്ന് ചോദിച്ചപ്പോള്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ഒരു മറുപടിയും ലഭ്യമായില്ല എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ മോഡേണ്‍ ഡന്റല്‍ കേസ് വിധി പരാമര്‍ശിക്കാത്തത് സ്വാഭാവികം. പക്ഷേ, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അത് ഉണ്ടാവേണ്ടതായിരുന്നു. ഉണ്ടായിരുന്നുവെങ്കില്‍ ഉത്തരവിൽ എന്തുകൊണ്ട് പരാമര്‍ശിച്ചില്ല?

ഈ വര്‍ഷത്തെ പ്രവേശനം എങ്ങനെ ആയാലും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയുടെ പുതിയ വിധിയുടെ വെളിച്ചത്തില്‍ സ്വാശ്രയ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം സംബന്ധിച്ച് കുറ്റമറ്റ ഒരു നിയമനിര്‍മ്മാണം ഉടനെ നടത്തേണ്ടിയിരിക്കുന്നു. അതിനു എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയും ഉണ്ടാവും . സർക്കാർ അതിനുള്ള ആർജ്ജവം കാട്ടിയില്ലെങ്കിൽ അടുത്ത വർഷവും സീറ്റു തരില്ല എന്ന് പറഞ്ഞു സ്വകാര്യ മാനേജ്‌മെന്റുകൾ സർക്കാരിനെയും കുട്ടികളെയും വെള്ളം കുടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.