കേരളത്തിൽ സ്വകാര്യ സ്വാശ്രയ കോളേജുകളുടെ കൊള്ളരുതായ്മക്കു ഈ വർഷമെങ്കിലും തിരശ്ശീല വീണു. കാശുള്ളവർ മാത്രം പഠിച്ചാൽ മതിയെന്ന തോന്നിവാസവും അഹങ്കാരവും ഈ വർഷം നടക്കില്ലെന്നു ഉറപ്പായി. എംബിബിഎസ്സിന് പ്രതിവർഷം അഞ്ചുലക്ഷം രൂപ ഫീസിൽ ഈ കോളേജുകളിലേക്കു പ്രവേശനം നടത്താൻ ഹൈക്കോടതി ഇന്ന് ഉത്തരവായതോടെയാണിത്
സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശന മേൽനോട്ട സമിതി നിർണയിച്ച അഞ്ചുലക്ഷം രൂപ ഫീസ് ഈടാക്കി എംബിബിഎസ്സിന് പ്രവേശനടപടിയുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി.. ഇടക്കാല ഉത്തരവിലൂടെയാണ് കോടതി ഇത് വ്യക്തമാക്കിയിട്ടുള്ളത്. സർക്കാർ നിയന്ത്രിത സ്വാശ്രയ മെഡിക്കൽ കോളേജ് ആയ പരിയാരം മെഡിക്കൽ കോളേജ് സർക്കാരുമായി ഉണ്ടാക്കിയ കരാർ നില നിൽക്കുമെന്നും ബാക്കി സ്വകാര്യ സ്വാശ്രയ കോളെജുകളുമായി സർക്കാർ ഉണ്ടാക്കിയ കരാറുകൾ നിലനിൽക്കില്ലെന്നും ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങും ജസ്റ്റിസ് രാജാവിജയരാഘവനും ഉൾപ്പെട്ട ബെഞ്ച് ഉത്തരവായി .
വിദ്യാർഥികൾ ഫീസിനത്തിൽ നൽകേണ്ട തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിലാണ് നൽകേണ്ടത്. അവിടെനിന്നുള്ള രശീതിയുമായി നിർദിഷ്ട കോളേജിലെത്തി പ്രവേശനം നേടാം. ഫീസിനത്തിൽ ഈടാക്കിയ തുക പ്രവേശനപരീക്ഷ കമ്മീഷണർ പിന്നീട് കോളേജുകൾക്ക് കൈമാറും.
താത്കാലികമായാണ് അഞ്ചു ലക്ഷം ഈടാക്കുന്നതെന്നും നടപടിക്രമത്തിനു ശേഷം ഫീസ് വർധിപ്പിച്ചാൽ അധികതുക നൽകേണ്ടിവരുമെന്നും വിദ്യാർഥികളെ അറിയിക്കണം. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു നൽകണം.
കോഴിക്കോട് കെ.എം.സി.ടി., പാലക്കാട് കരുണ, മാഞ്ഞാലി എസ്.എൻ, ഒറ്റപ്പാലം നെഹ്റു എന്നീ മെഡിക്കൽ കോളേജുകളുടെയും രണ്ടുവിദ്യാർഥികളുടെയും ഹർജികളാണ് കോടതി പരിഗണിച്ചത്. ഹർജികളിൽ ആഗസ്റ്റ് 21-ന് അന്തിമവാദം കേൾക്കും.
പ്രവേശനനടപടികൾ സെപ്റ്റംബർ പത്തിനകം പൂർത്തിയാക്കേണ്ടതിനാലാണ് ഇടക്കാല ഉത്തരവു നൽകുന്നതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സമിതിയുടെ ഫീസ് നിർണയം, സർക്കാരുണ്ടാക്കിയ കരാർ എന്നിവയിലെ അന്തിമവാദമാണ് ആഗസ്റ്റ് 21-ന് നടക്കുക.
രാജേന്ദ്രബാബു കമ്മിറ്റി താത്കാലികഫീസ് നിർണയിച്ചതിൽ അപാകമില്ലെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് നൽകിയിരുന്നു. അതുചോദ്യം ചെയ്ത് മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചു. അതിൽ സുപ്രീംകോടതി നിർദേശിച്ചതുപ്രകാരമാണ് ഹൈക്കോടതി ഇപ്പോൾ ഇക്കാര്യത്തിൽ വീണ്ടും വാദം കേൾക്കുന്നത്.
സ്വാശ്രയ മെഡിക്കൽ കോളേജിലെ 85 ശതമാനം സീറ്റിൽ വാർഷികഫീസ് അഞ്ചുലക്ഷം രൂപയാണ് സമിതി താത്കാലികമായി നിർണയിച്ചിട്ടുള്ളത്. എൻ.ആർ.ഐ.സീറ്റിലെ ഫീസ് 20 ലക്ഷം രൂപയാണ്. സർക്കാരുമായി കരാറുണ്ടാക്കാത്ത കോളേജുകൾക്കാണിത്.
കോളേജ്മാനേജ്മെന്റുകൾ നടത്തിപ്പു ചെലവിന്റെ രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ഓരോ കോളേജിന്റെയും ഫീസ് പുനർനിർണയിക്കുമെന്ന് രാജേന്ദ്രബാബു കമ്മിറ്റി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. യഥാസമയം രേഖകൾ നൽകാതിരുന്നതിനാലാണ് കമ്മിറ്റി ഫീസ് നിർണയിച്ചത്.
മെഡിക്കൽ പ്രവേശനത്തിനുള്ള ഓപ്ഷൻ സ്വീകരിക്കൽ ആഗസ്റ്റ് എട്ടിന് തുടങ്ങിയിട്ടുണ്ട്. 18-ന് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്താനാണ് പദ്ധതി.