1984 ലാണ് ഞാൻ മാതൃഭൂമിയിൽ സബ് എഡിറ്റർ ട്രെയിനീ ആയി ജോയിൻ ചെയ്യുന്നത്. ഇപ്പോഴത്തെ മാതൃഭൂമി ഗൾഫ് ലേഖകൻ പി പി ശശീന്ദ്രൻ , പി എ എം ഹാരിസ് എന്നിവരാണ് എന്റെ കൂടെ ആ ജനവരി 25 നു ന്യൂസ് എഡിറ്ററുടെ മുൻപിൽ ഹാജരായത് . അദ്ദേഹം ഏകദേശ വിവരങ്ങളെല്ലാം പറഞ്ഞ ശേഷം ഞങ്ങളോട് മറ്റു ചിലരെ കൂടി കാണാൻ പറഞ്ഞു.

വിംസി എന്ന തൂലികാനാമത്തിൽ കായികലേഖനങ്ങൾ എഴുതിയിരുന്ന ശ്രീ വി എം ബാലചന്ദ്രൻ ആയിരുന്നു ആ ന്യൂസ് എഡിറ്റർ എന്നത് ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. അസാമാന്യ നേതൃപാടവവും സഹപ്രവർത്തകരോടുള്ള സ്നേഹവും പരിപാലനവും അദ്ദേഹത്തിന്റെ ഒരു പ്രത്യേകത തന്നെയായിരുന്നു. റിട്ടയർമെൻറ്റ് വേളയിൽ യാത്രയയപ്പു നൽകിയപ്പോൾ അദ്ദേഹം വികാരാധീനനായി പറഞ്ഞ ഒരു കാര്യം ഞാൻ മറന്നിട്ടില്ല, “എന്റെ കുട്ടികളുടെ ബാല്യം ഞാൻ കണ്ടിട്ടില്ല”… എത്രയോ സത്യമാണ്. അദ്ദേഹം രാത്രി ആദ്യ എഡിഷൻ അടിച്ചു വായിച്ചു നോക്കി ഒരു കോപ്പിയും കൊണ്ടാണ് പോകുക. വീട്ടിൽ എത്തുമ്പോൾ പത്തു കഴിഞ്ഞിരിക്കും. മിക്കവാറും വായനയൊക്കെ കഴിഞ്ഞു വൈകിക്കിടക്കും. സ്വാഭാവികമായി വൈകി എണീക്കും. ഉച്ചക്ക് വീണ്ടും ഡ്യൂട്ടിക്ക് വരും. ഇതിനിടക്ക്‌ കുട്ടികളെ എപ്പോൾ കാണുന്നു…അദ്ദേഹം ലീവോ ഓഫോ എടുക്കുന്നത് കണ്ടിട്ടില്ല. ഇങ്ങനെ ഒരു മനുഷ്യനെ ഞങ്ങളുടെ ആദ്യ ഗുരു ആയി കിട്ടിയത് മഹാഭാഗ്യമായി ഞാൻ ഇപ്പോഴും കരുതുന്നു.

ടി വി യും മറ്റും ഇല്ലാതിരുന്ന അക്കാലത്തും പോക്കറ്റ് സൈസ് റേഡിയോയിൽ ബി ബി സി വെച്ച് കളികളുടെ ദൃക്‌സാക്ഷി വിവരണം കേട്ട് കുറിച്ചെടുത്തു ഡെസ്കിലേക്കു തന്നിരുന്ന അദ്ദേഹം മുഴുവൻ സമയവും പത്രത്തിന് വേണ്ടി ജീവിച്ച മനുഷ്യനാണ്. രാത്രി ഡെസ്ക്കിൽ ജോലി ചെയ്യുമ്പോൾ മലപ്പുറത്ത് നിന്നും മറ്റും വിളി വരും കൗണ്ടി ക്രിക്കറ്റ് റിസൾട്ട് ചോദിച്ചുകൊണ്ട് . അതിനെല്ലാം ഞങ്ങൾ ഒന്നുകിൽ ടി പി നോക്കി പറയും. അല്ലെങ്കിൽ വിംസി തന്നിട്ടുണ്ടാവും. മലപ്പുറംകാരുടെ കളി ആവേശം അന്നും ഇന്നും ഒരു പോലെയാണ്.

അന്ന് അവിടെ ഉണ്ടായിരുന്ന മറ്റൊരു ന്യൂസ് എഡിറ്റർ ആയ ശിവശങ്കരൻ എഴുത്തച്ഛൻ , ഡെപ്യൂട്ടി എഡിറ്റർ വി എം കൊറാത്ത് , പരസ്യം മാനേജർ ആയിരുന്ന ശ്രീകുമാർ , മാനേജർ പേഴ്‌സണൽ (ഇപ്പോൾ ഇത് എച്ഛ് ആർ) കെ രാധാകൃഷ്ണൻ (ഇവരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ല) , അക്കൗണ്ട്സ് മാനേജർ നമ്പീശൻ , കമ്പനി സെക്രട്ടറി ഗോപാലകൃഷ്ണൻ എന്ന സ്വാമി , സർക്കുലേഷൻ മാനേജർ പ്രഭാകരൻ എന്നിവരെ കാണാനാണ് ന്യൂസ് എഡിറ്റർ ഞങ്ങളോട് പറഞ്ഞത്. . അവരെ ഒക്കെ പരിചയപ്പെട്ട ശേഷം ഇന്ന് പൊക്കൊളു . മറ്റന്നാൾ മുതൽ ജോലി ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്. ഞങ്ങൾ ജോയിൻ ചെയ്തതിന്റെ പിറ്റേന്ന് റിപ്പബ്ലിക്ക് ദിനം ആയതിനാൽ അവധി ആയിരുന്നു. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അതൊക്കെ വലിയ ആശ്വാസമായിരുന്നു. ഞാൻ നാട്ടിലേക്ക് പോന്നു. അവധി കഴിഞ്ഞു ആണ് പോയത്.

ഇവരെയെല്ലാം പോയി പരിചയപ്പെടാൻ വിംസി എന്ന മഹാനായ ന്യൂസ് എഡിറ്റർ ഞങ്ങളെ വിട്ടത് അദ്ദേഹത്തിന്റെ മര്യാദ. കെ രാജഗോപാൽ ഞങ്ങളുടെ കൂടെ കൂടുന്നത് പിന്നീടാണ്. ഇപ്പോൾ ശശി മാത്രമേ ആ ബാച്ചിൽ പെട്ടതായി മാതൃഭൂമിയിൽ ഉള്ളു. എല്ലാ വിഭാഗങ്ങളുമായും ബന്ധം വേണമെന്ന അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌ ഞങ്ങൾക്ക് കുറെയേറെ ഗുണം ചെയ്തിട്ടുണ്ട്.

വിംസി ന്യൂസ് എഡിറ്റർ ആണെന്നു കുരുതി ഡെസ്ക്കിൽ മൊത്തം ഭരണം ഒന്നും, ഇല്ല. അദ്ദേഹം എപ്പോഴും വലിയ കട്ടിക്കണ്ണട വെച്ച് എന്തെങ്കിലും എഴുതുകയോ വായിക്കുകയോ ചെയ്യുന്നുണ്ടാവും. കൽക്കത്ത മോഹൻബഗാനിൽ നിന്നൊക്കെ അദ്ദേഹത്തിന് ഫോൺ വരുമായിരുന്നു. അദ്ദേഹം ഞങ്ങളെ എന്തുപോലെ സംരക്ഷിച്ചിരുന്നുവെന്നു ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. റിട്ടയർ ചെയ്ത ശേഷവും ഞാൻ രണ്ടു പ്രാവശ്യം അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്. മറ്റൊരു പ്രാവശ്യം എറണാകുളം പ്രസ് ക്ലബ്ബിന്റെ പുരസ്കാരം വാങ്ങാൻ വന്നപ്പോഴും …..

അന്ന് പ്രസ് ക്ലബ്ബിൽ തടിച്ചുകൂടിയവരിൽ മാതൃഭൂമിക്കാർ രണ്ടുപേരെ ഉണ്ടായിരുന്നുള്ളു. കെ എസ് ജോസഫ് എന്ന ജോസേട്ടനും ഞാനും. ബാക്കിയുള്ളവരിൽ അധികവും മനോരമ , ദേശാഭിമാനി തുടങ്ങിയ പത്രങ്ങളിൽ നിന്നുള്ളവർ…തിക്കും തിരക്കിനിടയിൽ കൂടി കടന്നു ചെന്ന് ഞാൻ അദ്ദേഹത്തെ നോക്കി എന്നെ അറിയുമോ എന്ന് ചോദിച്ചു. മുഖത്തേക്ക് സൂക്ഷ്മമായി നോക്കിയിട്ട് ” തന്റെ നാട്ടിൽ കൂടി ട്രെയിൻ വന്നു തുടങ്ങിയോ ” എന്ന് ചോദിച്ചപ്പോൾ മനസ്സിലായി അദ്ദേഹത്തിന് എന്നെ മനസ്സിലായി എന്ന്.

അദ്ദേഹം ന്യൂസ് എഡിറ്റർ സ്ഥാനത്തു നിന്ന് മാറി അസി എഡിറ്റർ ആയിരിക്കെ ഞാൻ എഡിറ്റ് പേജിൽ കുറെ എഴുതിയിട്ടുണ്ട്. അതിൽ ഒരെണ്ണം തീരദേശപാത യാഥാർഥ്യമാകണമെങ്കിൽ എന്ന ഹെഡിങ്ങിൽ ഉള്ളതായിരുന്നു. കുറ്റിപ്പുറം , ഗുരുവായൂർ, കൊടുങ്ങല്ലൂർ വഴി പോകുന്ന പാതയുടെ സ്കെച്ചും മറ്റും നൽകിയായിരുന്നു ലേഖനം. ഞാൻ കൊടുങ്ങല്ലൂർക്കാരൻ എന്ന് നന്നായി അറിയാവുന്ന അദ്ദേഹം അപ്പഴെ എന്നോട് ചോദിച്ചിരുന്നു….”തന്റെ നാട്ടിൽ കൂടി ട്രെയിൻ വേണം എന്ന് അല്ലെ” എന്ന്. പക്ഷെ ലേഖനം നല്ലതായിരിന്നതിനാൽ കൊടുത്തു. അതിനും എത്രയോ വർഷങ്ങൾക്കു ശേഷം കണ്ടപ്പോഴും അദ്ദേഹം അത് കൃത്യമായി ഓർത്ത് ചോദിച്ചത് എന്നെ അത്ഭുതപ്പെടുത്തി. വലിയ സന്തോഷവും തോന്നി. മനോരമയിലെയും മറ്റു പത്രങ്ങളിലെയും ഓരോരുത്തരോടും പേരെടുത്തു വർത്തമാനം പറഞ്ഞാണ് അദ്ദേഹം പോയത്…

അദ്ദേഹത്തെ പോലെയൊന്നും ആവാൻ ആയില്ലെങ്കിലും സഹപ്രവർത്തകരോട് സ്നേഹത്തോടെ പെരുമാറാൻ ഞാൻ എന്നും ശ്രമിച്ചിട്ടുണ്ട്. ഇന്നും അങ്ങനെ തന്നെ . അത് പഠിപ്പിച്ച വി എം ബാലചന്ദ്രൻ മരിച്ചിട്ടു ഏഴു വർഷമായി. എന്നാലും മറക്കാൻ വയ്യ.

പ്രണാമം ഗുരോ…..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.