ഡയറക്റ്റ് അറ്റാക്ക് എന്ന പ്രയോഗം കൊണ്ടുവന്ന് മലയാളത്തിൽ അഗ്ഗ്രസിവ് ജേർണലിസത്തിനു തുടക്കമിട്ടത് എംഡി നാലപ്പാട് ആണ്. ചെറുപ്പത്തിന്റെ ആവേശം കൊണ്ട് ഗുണവും ദോഷവും ഉണ്ടാക്കിയിട്ടുമുണ്ട്. അദ്ദേഹം ആ സ്ഥാനത്തു തുടർന്നിരുന്നുവെങ്കിൽ മാതൃഭൂമി വളരെയേറെ വ്യത്യസ്തത പുലർത്തുമായിരുന്നു എന്ന് ഇന്നും ഞാൻ കരുതുന്നു. ഞങ്ങൾ ജൂനിയർസ് ആയിരുന്നിട്ടുകൂടി വ്യക്തിബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. പക്ഷെ മാതൃഭൂമിയിൽ നിന്ന് അദ്ദേഹം പോയ ശേഷം ഇടക്ക് ടിവിയിൽ ഇംഗ്ലീഷ് ചാനലുകളിൽ ചർച്ചക്ക് കാണുന്നതല്ലാതെ നേരിട്ട് കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കാണണമെന്ന് ഇപ്പോഴും ആഗ്രഹവുമുണ്ട്. അന്തരിച്ച പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ മകനാണ് അദ്ദേഹം …
രാഷ്ട്രീയ കാഴ്ചപ്പാട് നോക്കുകയാണെങ്കിൽ അദ്ദേഹം കോൺഗ്രസ് അനുഭാവിയായിരുന്നു അക്കാലത്ത്. പക്ഷെ റിപ്പോർട്ടിങിലോ പൊതുവെ പത്രവാർത്തകൾ കൊടുക്കുന്നതിലോ തന്റെ രാഷ്ട്രീയ വീക്ഷണങ്ങൾ അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. അക്കാലത്താണ് മാതൃഭൂമിയിൽ പേരെടുത്ത പരമ്പരകൾ വന്നിട്ടുള്ളത്. ശേഖരൻ നായർ , സഹദേവൻ, എൻ പി രാജേന്ദ്രൻ , ടി അരുൺകുമാർ തുടങ്ങിയവരൊക്കെ അക്കാലത്ത് ഗംഭീര പരമ്പരകൾ എഴുതിയിട്ടുണ്ട്. കസ്റ്റംസ് വകുപ്പിലെ അഴിമതിയെ കുറിച്ച് ശേഖരൻ നായർ എഴുതിയ ഡിങ്കോൾഫിയും മറ്റും കിടിലൻ സാധനങ്ങൾ ആയിരുന്നു. ശേഖരൻ നായരുടെ പിഎസ്സി പരമ്പരയും ജനശ്രദ്ധ പിടിച്ചു പറ്റി. പാലക്കാട്ടെ സ്ത്രീധന മരണങ്ങളെ കുറിച്ചുള്ള സഹദേവന്റെ പരമ്പരയും ശ്രദ്ധിക്കപ്പെട്ടു. കാർഷിക സർവകലാശാലക്ക് കാറ്റുവീഴ്ച എന്ന അരുൺകുമാറിന്റെ പരമ്പരയും വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.
രെജിസ്‌ട്രേഷൻ വകുപ്പിനെ കുറിച്ചായിരുന്നു എൻ പി രാജേന്ദ്രന്റെ പരമ്പര. കൂടാതെ നാദാപുരം കലാപം സംബന്ധിച്ച വളരെ ഗൗരവമേറിയ ഒരു പരമ്പരയും എൻപിആർ അക്കാലത്തു എഴുതിയിരുന്നു. കലാപം ശമിക്കാൻ അതൊരു നിമിത്തമായി എന്ന് പറഞ്ഞാൽ അതിശയോക്തി തീരെ ഇല്ല. കുറിക്കമ്പനികളിലെ തട്ടിപ്പിനെ കുറിച്ച് കെ രാജഗോപാലും നല്ല ഒരു പരമ്പര എഴുതിയിരുന്നു എന്നാണ് ഓർമ്മ. നിലമ്പൂരിലെ സ്വർണ്ണ പര്യവേക്ഷണത്തെ കുറിച്ച് ഞാനും ഒരെണ്ണം എഴുതിയിരുന്നു. ഇതെല്ലാം ഞാൻ മാത്രമല്ല അന്ന് പത്രം വായിച്ചിരുന്നവർ ആരും മറക്കാൻ ഇടയില്ല. അനിൽകുമാർ വടവാതൂർ മാതൃഭൂമിയിൽ ഉണ്ടായിരുന്ന കാലത്തു എഴുതിയ മയക്കുമരുന്ന് കള്ളക്കടത്ത്, വൈദ്യുതി ക്ഷാമത്തെതിന്റെ കാരണങ്ങൾ തേടിയുള്ള പരമ്പര എന്നിവ ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. അതും നാലപ്പാടിന്റെ കാലത്താണ്. .
നാലപ്പാടിന്റെയും ഗോപാൽജിയുടെയും പ്രധാന ഗുണം അവർക്കു പത്രത്തിൽ ജോലിയെടുക്കുന്ന എല്ലാ ജേർണലിസ്റ്റുകളെയും അറിയാമായിരുന്നു എന്നതാണ്. അതിനു സീനിയർ ജൂനിയർ ഭേദമുണ്ടായിരുന്നില്ല. അവരെ വിശ്വാസത്തിലെടുക്കാനും സംരക്ഷിക്കാനും രണ്ടു പേരും ശ്രദ്ധിച്ചു. നാലപ്പാട് ഒരു ലേഖകന് എതിരെ മാത്രമേ കർക്കശ നിലപാടെടുത്തുള്ളൂ. അത് സാമ്പത്തിക തിരിമറിമറിയുടെ പേരിലാണ്. അന്ന് അദ്ദേഹം മീറ്റിങ്ങുകളിൽ ആവർത്തിച്ചു പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. “I cannot tolarate financial misappropriaction” … അതൊക്കെ വലിയ ഗുണപാഠമായിരുന്നു . റിട്ടയർ ചെയ്യുന്നതുവരെ ഞാൻ അത് പാലിക്കാൻ ശ്രമിച്ചിട്ടുമുണ്ട്.
എല്ലാ ലേഖകന്മാരെയും ഡെസ്ക്കിലുള്ളവരെയും നേരിട്ട് വിളിച്ചു കാര്യം പറയാൻ ഇവർ രണ്ടു പേരും ശ്രദ്ധിച്ചിരുന്നു. അത് ധിക്കരിക്കുക വിഷമവുമായിരുന്നു. രാത്രിയിലും എഡിറ്ററെ വിളിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. യൂണിറ്റുകളിൽ സന്ദർശനം നടത്തുമ്പോൾ ഡെസ്ക് ബ്യുറോ മീറ്റിംഗ് നടത്താനും ഇവർ ശ്രദ്ധിച്ചിരുന്നു. നാലപ്പാട് കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ആവേശത്തിന്റെ നാളുകളായിരുന്നു അവ.
പത്രപ്രവർത്തകൻ എന്ന നിലയിൽ അഭിമാനിച്ചിരുന്നു. നാലപ്പാട് പോയതോടെ എല്ലാം പോയി. പിന്നെ അതുപോലെ ഒരു കാലം വന്നത് ഗോപാൽജി വന്നപ്പോഴാണ്. ഇവർ ചീത്ത പറഞ്ഞാലും എനിക്ക് അതിൽ വിഷമം ഉണ്ടായിരുന്നില്ല. അടി കിട്ടണമെങ്കിൽ മോതിരക്കൈ കൊണ്ട് കിട്ടണം എന്ന് കേട്ടിട്ടുണ്ടല്ലോ. അതാണ് ഈ രണ്ടു എഡിറ്റർമാരും ചീത്ത പറഞ്ഞതും മറ്റുള്ളവർ പറഞ്ഞതും തമ്മിൽ ഞാൻ കാണുന്ന വ്യത്യാസം ..
കോഴിക്കോട് നാലപ്പാട് ഇടയ്ക്കു ജേർണലിസ്റ്റുകളുടെ ഇടക്കാല കുടുംബ സംഗമം നടത്തിയിരുന്നു. ബീച്ച് ഹോട്ടലിൽ വെച്ചായിരുന്നു ഈ ഒത്തുകൂടൽ. കല്യാണം കഴിച്ചവർ ഭാര്യമാരുമായി വരിക, അല്ലാത്തവർ തനിച്ചും. അന്ന് കല്യാണം കഴിഞ്ഞിരുന്നിട്ടില്ലാത്ത ഞാൻ തനിയെ പങ്കെടുത്തു. രസകരമായിരുന്നു ആ മീറ്റിംഗുകൾ . നാലപ്പാട് ഭാര്യയുമൊത്തു വന്നിരുന്നു. ഒരു അനൗപചാരികത എഡിറ്ററും ഞങ്ങളും തമ്മിൽ വന്നത് കൊണ്ട് എപ്പോൾ കണ്ടാലും സൗഹൃദമായിരുന്നു. മാതൃഭൂമിയിൽ നിന്ന് പോകുന്നതിനു മുൻപ് അവസാന എഡിറ്റോറിയൽ മീറ്റിങ്ങിൽ അദ്ദേഹം ഏതാണ്ട് അൽപ്പം സമനില തെറ്റിയോ എന്ന് അന്നത്തെ പ്രകടനങ്ങളും സംഭാഷണങ്ങളും ഓർക്കുമ്പോൾ തോന്നുന്നു.
കെ സി നാരായണനെ നാലപ്പാട് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏൽപ്പിക്കുമ്പോൾ പറഞ്ഞത് സർവ്വ സ്വാതന്ത്ര്യവും തരുന്നു. പണം ഒരു തടസ്സമല്ല. പക്ഷെ സർക്കുലേഷൻ ഒരു വർഷത്തിനകം ലക്ഷം കടക്കണം എന്നാണ്. അത് ഏറ്റെടുത്ത കെ സി അത് ഒരു ലക്ഷത്തി മുപ്പതിനായിരം വരെ എത്തിച്ചു.
(അടുത്ത ആഴ്ച ഡെസ്ക്കിലെ അനുഭവങ്ങൾ , തിരിച്ചടികൾ )