ഇനി പറയാൻ പോകുന്നത് ശ്രീധരൻ നായർ പത്രാധിപർ ആയിരുന്നപ്പോഴത്തെ മറ്റൊരു അനുഭവമാണ്. അദ്ദേഹവും കെ ഗോപാലകൃഷ്ണനും എം കേശവ മേനോനും ശരാശരി എട്ടു വർഷം വീതം എഡിറ്റർ സ്ഥാനം വഹിച്ചിരുന്നതുകൊണ്ടു അവരെ കുറിച്ച് കൂടുതൽ പറയേണ്ടി വരുന്നുവെന്ന് മാത്രം.

ശ്രീധരൻനായർ പത്രാധിപർ ആയിരിക്കെ പത്രാധിപ സമിതിയിലെ ആരോ ഒരു നിർദേശം വെച്ചു, നിത്യേന മാതൃഭൂമിയും മറ്റു പത്രങ്ങളുമായും ഉള്ള താരതമ്യ പഠനം തയ്യാറാക്കി മാനേജിങ് എഡിറ്റർക്ക് അയക്കുക. എല്ലാ ന്യൂസ് എഡിറ്റർമാർക്കും ന്യൂസ് ഡെസ്ക്കിലേക്കും കോപ്പി വെക്കുകയും വേണം. പത്രം നിത്യേന തയ്യാറാക്കുന്നവരിൽ നിന്ന് ആരെയും ഇത് ഏൽപ്പിക്കേണ്ട. അപ്പോൾ ഞാൻ മാതൃഭൂമിയുടെ വിദ്യാരംഗം, സക്സസ് ലൈൻ എന്നീ പ്രസിദ്ധീകരണകളുടെ ചുമതല വഹിക്കുകയായിരുന്നു. അത് കൊണ്ട് താരതമ്യ പഠനം തയ്യാറാക്കുന്ന ജോലി എന്നെ ഏൽപ്പിക്കാൻ ധാരണയായി. ശ്രീ കെ കെ മധുസൂദനൻ (അന്ന് ന്യൂസ് എഡിറ്റർ ആയിരുന്നുവെന്നു തോന്നുന്നു) ആണ് ശ്രീധരൻ നായരോട് ഇത് പറഞ്ഞതെന്ന് തോന്നുന്നു. എന്തായാലും അതേക്കുറിച്ചു സംസാരിക്കാൻ ശ്രീധരൻ നായർ എന്നെ വിളിപ്പിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ ക്യാബിനിൽ മധുവേട്ടനും ഉണ്ടായിരുന്നു.

എഡിറ്ററുടെ നിർദേശം പേരിനു ഒരു റിപ്പോർട്ട് തയ്യാറാക്കൽ ആയിരുന്നു. ഞാൻ പറഞ്ഞു വാചകത്തിൽ എഴുതുന്ന രീതിയാണ് നല്ലതു എന്ന്. എന്റെ നിർദേശം മധുവേട്ടൻ പിന്താങ്ങി. അതോടെ ആ പംക്തിയുടെ ആരംഭമായി. അപ്പോൾ തന്നെ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു,

എല്ലാ ദിവസവും എനിക്ക് പറ്റില്ല, മാസികയുടെ ലേഔട്ട് സമയമായാൽ 10 ദിവസത്തേക്ക് ഒഴിവു തരണം എന്ന്. അപ്പോൾ അത് ആരെ ഏൽപ്പിക്കുമെന്നു ആലോചിച്ചപ്പോൾ അവർ രണ്ടു പേരും കൂടി കണ്ടുപിടിച്ച പേര് ശ്രീ ടി അരുൺകുമാറിന്റേതായിരുന്നു.  അങ്ങനെ അദ്ദേഹത്തെ വിളിച്ചു ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. രണ്ടര വർഷം ആ ജോലി ഞാൻ നിർവഹിച്ചു.

നാല് മണിക്കൂറെങ്കിലും എടുക്കുമായിരുന്നു എല്ലാ പത്രങ്ങളും നോക്കിത്തീരാൻ. പന്ത്രണ്ടു മണിക്ക് തുടങ്ങിയാൽ നാലുമണിക്ക് എഴുതി അര മണിക്കൂർ കൊണ്ട് തീർത്തു അഞ്ചുമണിയോടെ എംഇ ക്കും എല്ലാ ഡെസ്‌ക്കുകളിലും റിപ്പോർട്ട് കിട്ടുമായിരുന്നു. അത് കിട്ടാൻ ഡെസ്‌ക്കുകളിൽ പലരും കാത്തിരിന്നുതായും അറിയാം. അന്ന് എന്റെ പ്രധാന ലക്‌ഷ്യം ഒന്നാം പേജിൽ തീരാത്ത നെടുങ്കൻ വാർത്തകൾ ആയിരുന്നു. പത്രഭാഷയിൽ ജമ്പുകൾ എന്ന് പറയുന്ന അടുത്ത പേജിലേക്കുള്ള ചാട്ടത്തെ ഞാൻ ചാട്ടം എന്ന് തന്നെയാണ് വിശേഷിപ്പിച്ചിരുന്നത്.

അങ്ങനെ ഒരു ദിവസം എഴുതിയത് ഓർക്കുന്നു…” തിരുവനന്തപുരം എഡിഷനിൽ ഇന്ന് ഒരു വാർത്തയും ഒന്നാം പേജിൽ തീരുന്നില്ല. ഇത് വായനക്കാരെ വല്ലാതെ പരീക്ഷിക്കലാണ്: എട്ടു ചാട്ടം എന്നാൽ എട്ടു കോളത്തിൽ നിന്നും ചാട്ടം . അതായിരുന്നു പ്രകോപനം. ഇത് ഞാൻ കൃത്യമായി എണ്ണി എഴുതുമായിരുന്നു. ഉദാഹരണം. ” ഇന്ന് ചാട്ടത്തിൽ ഭേദം കോട്ടയം പത്രമാണ് . രണ്ടു ചാട്ടമേ ഉള്ളു. അത് പോലും ഒഴിവാക്കേണ്ടതാണ് ”

മറ്റൊരിക്കൽ ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച വാർത്ത കൈകാര്യം ചെയ്തതിൽ ഓരോ യൂണിറ്റും എങ്ങനെ അവ കൈകാര്യം ചെയ്തു എന്ന് വിശദമായി പറയുകയുണ്ടായി. പിന്നെ വൈക്കം ടി വി പുരത്തു നടന്ന സംഭവങ്ങൾ നമ്മൾ നേരിൽ പോയി പഠിച്ചു റിപ്പോർട്ട് ചെയ്യണമെന്നും മുൻപ് നാദാപുരം കലാപകാലത്തു അങ്ങനെ ചെയ്തിട്ടുണ്ടെന്നും ഓർമ്മിപ്പിക്കുകയുണ്ടായി .

അക്കാലമത്രയും തികച്ചും ആസ്വദിച്ചും കഷ്ടപ്പെട്ടുമാണ് ആ ജോലി നിർവഹിച്ചത്. എല്ലാ പത്രാധിപസമിതി അംഗങ്ങളും നല്ല പിന്തുണ നൽകി. ഒരു അവസരത്തിൽ ഒഴികെ ഒരു തരത്തിലും എവിടെനിന്നും ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടായില്ല എന്നത് എനിക്ക് മറക്കാനാവില്ല. നിത്യേന എല്ലാ എഡിഷൻകാരേയും പ്രചോദിപ്പിക്കുന്ന വിധമാണ് അത് എഴുതിയിരുന്നത്. മാതൃഭൂമിയുടെ വിവിധ എഡിഷനുകളും തമ്മിലും മാതൃഭൂമിയും മറ്റു പത്രങ്ങളും തമ്മിലും താരതമ്യപ്പെടുത്തിയിരുന്നു.

ഞാൻ ഇത് നിരന്തരം എഴുതിയിരുന്നുവെങ്കിലും ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. “കെട്ടിലും മട്ടിലും ഇന്ന് കാണാൻ ഭേദം കൊച്ചി പത്രമാണ്” …അങ്ങനെയൊക്കെ എഴുതിയിരുന്നു. (ശ്രീധരൻ നായർക്ക് ശേഷം പത്രാധിപരായ കെ ഗോപാലകൃഷ്ണൻ നടപ്പാക്കിയ ആദ്യ പരിഷ്കാരങ്ങളിലൊന്ന് ഈ ചാട്ടം നിർത്തലാണ്. ഇപ്പോഴും ചാട്ടം ഇല്ല കേട്ടോ).

അങ്ങനെ ഒരു ദിവസം നോക്കിയപ്പോൾ മാതൃഭൂമിയുടെ മെയിൻ ഹെഡിങ് കേന്ദ്ര ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുന്നു എന്നാണ്. ഇത് കണ്ട ഞാൻ അസ്വസ്ഥനായി. കാരണം ഡൊമിനിക് ഇല്ലാത്ത ദിവസങ്ങളിൽ ഞാൻ വാണിജ്യം ,വ്യവസായം പേജ് നോക്കാറുണ്ടായിരുന്നു. അന്ന് പേജിലേക്കുള്ള പ്രധാന സ്രോതസ്സ് ഇക്കണോമിക് ടൈംസ് ആയിരുന്നു. അതിൽ രണ്ടാഴ്ച മുൻപ് വന്ന വാർത്തയായിരുന്നു അത്. വാണിജ്യം പേജിൽ ഞാൻ അത് അതെ ഹെഡിങ്ങിൽ കൊടുത്തിരുന്നു. അതെല്ലാം കഴിഞ്ഞു കുറെ ദിവസം പിന്നിട്ടപ്പോൾ ദാ വരുന്നു മെയിൻ ഹെഡിങ് അത് തന്നെ. ഞാൻ താരതമ്യ പഠനത്തിൽ എഴുതി…..

” ഇന്നത്തെ മെയിൻ ഹെഡിങ്ങിൽ പുതുമയൊന്നുമില്ല. രണ്ടാഴ്ച മുൻപ് നമ്മൾ ബിസിനസ് പേജിൽ കൊടുത്തതാണ് അത്. മാത്രമല്ല അത് പോലും ലിഫ്റ്റ് ചെയ്തതും. ഇന്ന് മറ്റു പത്രങ്ങളുടെ ഒക്കെ മെയിൻ നോക്കുക. ശമ്പള കമ്മീഷൻ ശുപാർശകളുടെ മറ്റു ഭാഗങ്ങളാണ് അവർ ഹെഡിങ് ആക്കിയിരിക്കുന്നത്‌ ” .

എന്റെ ഈ ആക്രമണം എന്തോ പ്രശ്നമുണ്ടാക്കി എന്ന് തോന്നുന്നു. കുറെ കഴിഞ്ഞപ്പോൾ ശ്രീധരൻ നായർ എന്നെ ഫോണിൽ വിളിച്ചു കുറെ ചൂടായി. നിങ്ങളാണോ മെയിൻ ശരി തെറ്റ് തീരുമാനിക്കുന്നത് എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു , തെറ്റ് എന്ന് ഞാൻ പറഞ്ഞിട്ടില്ല. പുതുമയില്ല എന്നെ പറഞ്ഞിട്ടുള്ളു.

ഞാൻ ഫോണിൽ എഡിറ്ററേ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. എഡിറ്റർ ഏൽപ്പിച്ച പംക്തി വേണ്ടെങ്കിൽ പറഞ്ഞോളൂ . ഇപ്പൊ നിർത്താം. എന്നൊക്കെ പറഞ്ഞു. ഇത് കേട്ട് അന്നത്തെ അസ്സോസിയേറ്റ് എഡിറ്റർ ഉത്തമ കുറുപ്പ് എന്റെ ക്യാബിനിലേക്കു വന്നു. കുറെ നേരം സംഭാഷണം ശ്രവിച്ചു അദ്ദേഹം ഇരുന്നു. ഫോൺ വെച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു ” എന്താ ശ്രീധരൻ നായർ പറയുന്നത് ” എന്ന്. ഞാൻ കാര്യം വിശദീകരിച്ചു.

അപ്പോൾ ഉത്തമാജി പറഞ്ഞു… ഞാൻ റിപ്പോർട്ട് കണ്ടു വന്നതാണ്. ഇന്നലെ മെയിൻ തീരുമാനിച്ചപ്പോൾ ഒരു ആലോചനയുമുണ്ടായില്ല. ന്യൂസ് എഡിറ്റർമാരോട് ഒന്നും ഡിസ്‌കസ് ചെയ്തില്ല. ശ്രീധരൻ നായർ എന്നോട് വിളിച്ചു ചോദിച്ചു ഇങ്ങനെ ഒരു ഐറ്റം ഉണ്ട്. മെയിൻ ആക്കിക്കൂടെ എന്ന്. ബിസിനസ് പേജിൽ നിങ്ങൾ കൊടുത്ത വാർത്ത ഞാൻ കണ്ടിരുന്നില്ല. അതുകൊണ്ടു ആയിക്കോട്ടെ എന്ന് ഞാൻ പറഞ്ഞു. ഇത്രയുമേ ഉണ്ടായുള്ളൂ. മോശമായി. അതിനെന്തിനാ ശ്രീധരൻ നായർ ചൂടാവുന്നതു ” എന്നും ഉത്തമാജി സംശയം പ്രകടിപ്പിച്ചു എണീറ്റുപോയി.

Uthamakurup

പംക്തി തുടരുന്നതിനു എനിക്ക് ഇതൊരു മാനസിക പ്രശ്നമായി. കുറച്ചുകാലം കൂടി തുടർന്ന ശേഷം മറ്റു കാരണങ്ങൾ പറഞ്ഞു ഞാൻ തന്നെ അത് വേണ്ടെന്നു വെക്കുകയായിരുന്നു. മാനേജിങ് എഡിറ്റർ അക്കാലത്തു അതെഴുതാൻ പരമാവധി പ്രോത്സാഹനം തന്നിരുന്നുവെന്നത് മറക്കാനാവില്ല. എല്ലാ യൂണിറ്റുകളിലെയും സഹപ്രവർത്തകരും പ്രോത്സാഹനം തന്നിട്ടുണ്ട് എന്നത് കൃതജ്ഞതപൂർവ്വം ഓർക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.