ഇന്ദിരാഗാന്ധിയുടെ നൂറാം ജന്മദിനം രണ്ടു ദിവസം മുൻപ് കഴിഞ്ഞു…മാതൃഭൂമിയുടെ പത്രപ്രവർത്തന ചരിത്രത്തിൽ 1984 നവംബർ ഒന്നിലെ പത്രം ഒരു പ്രത്യേകത തന്നെയായിരുന്നു. ഞാൻ കോഴിക്കോട്ടു ആയിരുന്നുവെങ്കിലും തിരുവനന്തപുരം എഡിഷൻ ആണ് എനിക്കിഷ്ടപ്പെട്ടത്.. രാജൻ പൊതുവാൾ എടുത്ത ഇന്ദിരാഗാന്ധിയുടെ ഒരു ക്ലോസപ്പു ഷോട്ട് ഉപയോഗിച്ച് അവിടെ ന്യൂസ് എഡിറ്റർ ആയിരുന്ന വേണുക്കുറുപ്പ് ഒന്നാം പേജ് പൂർണ്ണമായും നെഗറ്റിവിൽ അടിക്കുകയായിരുന്നു. ഇന്ന് വരെ അതുപോലെ ഒരു പരീക്ഷണം ഞാൻ ഒരു പത്രത്തിലും കണ്ടിട്ടില്ല.

ആ മാതൃഭൂമി ഒന്നാം പേജ് പല ദേശത്തും ന്യൂസ്‌റൂം ലൈബ്രറികളിൽ കാണാം. ചില സമയങ്ങളിൽ ന്യൂസ് എഡിറ്റർ എടുക്കുന്ന തീരുമാനങ്ങൾ നല്ലതാവാം , വിമർശനങ്ങളുമുണ്ടാവാം. പക്ഷെ ഈ ഒന്നാം പേജ് വളരെ ഏറെ പേരെ ഞെട്ടിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല. വേണുക്കുറുപ്പിന്റെ തീരുമാനത്തിൽ അസൂയ തോന്നിയവർ അക്കാലത്തുണ്ടാവാം. പക്ഷെ ഇതിന്റെ ഹെഡിങ് ഇങ്ങനെ മുറിക്കണ്ടായിരുന്നു എന്നും മനോരമയുടെ രീതിയിൽ അതാ വെടിയേൽക്കുന്നു എന്ന ഹെഡിങ്ങും മാത്രമാണ് എനിക്ക് ഇന്നും ഇഷ്ട്ടപ്പെടാത്തത്. റിവേഴ്സിൽ പത്രം അടിക്കാൻ അദ്ദേഹത്തിന് എങ്ങനെ ധൈര്യം വന്നു എന്ന് പോലും ഞാൻ ആലോചിച്ചിട്ടുണ്ട്.

ഇന്ദിരാ ഗാന്ധിയുടെ നൂറാം ജന്മദിനം അങ്ങനെ കടന്നുപോയി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രിയായിരുന്നു അവർ എന്ന് എന്റെ അഭിപ്രായം. ഒരു ഇന്ത്യൻ പത്രപ്രവർത്തകനെ സംബന്ധിച്ചിടത്തോളം ആ വാർത്തയോളം പ്രാധാന്യമുള്ള മറ്റൊരു വാർത്ത ഇത് വരെ ഉണ്ടായിട്ടില്ല . ഞാൻ ഈ പറഞ്ഞെതെല്ലാം ആപേക്ഷികമാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവർ ഏറെ കാണും. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകാർ.

ഞാൻ പറഞ്ഞുവരുന്നത് അന്ന് ആ വാർത്ത പത്രം ഓഫീസിൽ എത്തിച്ച പി ടി ഐ , യു എൻ ഐ കോപ്പികൾ ഇത്ര നാളും ഞാൻ സൂക്ഷിച്ചുവെച്ചതു അതുകൊണ്ടാണെന്നു പറയാനാണ്. അന്ന് എനിക്ക് തോന്നിയിരുന്നു ഇത് ചരിത്രം അല്ലെ, സൂക്ഷിച്ചുവെക്കുക തന്നെ എന്ന്. പക്ഷെ അത് തിരച്ചിലിൽ കിട്ടി എന്നതാണ് അത്ഭുതം.

സാധാരണ ടി പി കോപ്പികൾ വിവർത്തനം കഴിഞ്ഞു കുട്ടയിൽ ഇടുകയാണ് പതിവ്. അതിൽ നിന്ന് ഇങ്ങനെ ചിലതു സൂക്ഷിക്കാൻ മറ്റു ചിലർക്കും കഴിഞ്ഞിട്ടുണ്ടാകാം. പക്ഷെ തിരഞ്ഞുകിട്ടുക ബുദ്ധിമുട്ടാണ് . ചരിത്രത്തിന്റെ ഭാഗമാണിത്. രാജീവ് ഗാന്ധി മരിച്ചപ്പോഴും ഞാൻ ഡെസ്ക്കിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. പക്ഷെ ആ കോപ്പികളൊന്നും സൂക്ഷിച്ചുവെച്ചില്ല.

പണ്ട് ന്യൂസ്‌ഡെസ്‌കിൽ രാത്രി ജോലി ചെയ്യുക ഒരു ത്രിൽ ആയിരുന്നു. രാത്രി ജോലി കഴിഞ്ഞു വൈകി വന്നു കിടന്നാലും ന്യൂസിന്റെ ലോകത്തു തന്നെ ആയിരുന്നു ജീവിതം. ആദ്യ നാല് വർഷം കോഴിക്കോട് ജോലി
ചെയ്യുമ്പോൾ ഇതുപോലെ ഒരു ദിവസം രാത്രി ലോഡ്ജിൽ വന്നു കിടന്നു . ചാലപ്പുറത്തെ സുപ്രഭ ലോഡ്ജിൽ ആയിരുന്നു. പ്രഭാത ഭക്ഷണവും പത്രം വായനയും കഴിഞ്ഞു ഉച്ചക്ക് റേഡിയോ വെച്ച് പ്രാദേശിക വാർത്തകൾ കേൾക്കുന്നു.

അപ്പോഴാണ് ഞെട്ടിച്ചുകൊണ്ട് ഒരു വാർത്ത. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു വെടിയേറ്റു. സാരമായ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കേട്ട ഉടനെ ഓഫീസിലേക്ക് വെച്ച് പിടിപ്പിച്ചു. നടന്നാണ് പോയത്. രണ്ടാം ഗേറ്റ് കടന്നു മാതൃഭൂമി ഓഫീസിൽ എത്തി പടി കയറുമ്പോൾ അറ്റൻഡർ ഫെലിക്സ് ഒരു ടിപി കോപ്പി കയ്യിൽ തന്നു. ഞാൻ വായിച്ചു നോക്കി. ഞെട്ടിപ്പോയി. FLASH …THE PRIME MINISTER IS NO MORE , IT IS FEARED …പിന്നെ രാത്രി വരെ ജോലിയോട് ജോലി.

ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അന്നത്തെ എഡിറ്റർ എം ഡി നാലപ്പാട് ഡൽഹിക്കു പോയി. അവിടെ നിന്ന് അയച്ച ഇംഗ്ലീഷ് കോപ്പി മൂന്നു യൂണിറ്റിൽ (അന്ന് മൂന്നു യൂണിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു.) മൂന്നു സബ് എഡിറ്റർമാർ ആണ് പരിഭാഷപ്പെടുത്തിയത്. കോഴിക്കോട് അത് ഞാനാണ് ചെയ്തത്. മൂന്നു പരിഭാഷകളിലും വലിയ വ്യത്യാസമില്ലായിരുന്നു. ’84 നവംബർ നാലിലെ മാതൃഭൂമി പത്രം ഇപ്പോൾ മാതൃഭൂമി ഓൺലൈനിൽ ഉണ്ട്. അതിൽ ഒന്നാം പേജിൽ കാണുന്ന ദുഃഖം തളം കെട്ടിയ തലസ്ഥാന നഗരി എന്ന വാർത്ത എഡിറ്റർ എം ഡി നാലപ്പാട് ഡൽഹിയിൽ നിന്ന് ഇംഗ്ലീഷിൽ അയച്ചത് ഞാൻ പരിഭാഷപ്പെടുത്തിയതാണ്….ആ കോപ്പി പരിഭാഷപ്പെടുത്തിയത് ഇപ്പോഴും ഓർക്കുന്നു. നമ്മുടെ നാട്ടിലെ കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ എന്ന പോലെ വിമാനങ്ങൾ നിർത്തിയിട്ടിരിക്കുന്നു എന്നതും ക്യൂ നിൽക്കുമ്പോൾ മുന്നിൽ വയലാർ രവിയേയും മറ്റും കണ്ടതും മറ്റും പരിഭാഷപ്പെടുത്തിയത് നല്ല ഓർമ്മയാണ്. നാലപ്പാട് അയച്ചത് ഒരു ദൃക്‌സാക്ഷി വിവരണം തന്നെ ആയിരുന്നു…അന്നൊക്കെ പിടിഐ , യുഎൻഐ കോപ്പികൾ പരിഭാഷപ്പെടുത്തൽ നല്ല രസമായിരുന്നു.

1984 ഒക്ടോബർ 31 നു വന്ന ടി പി കോപ്പികൾ ഇതാ നോക്കൂ…

2 COMMENTS

  1. Super..you are always super.thanks for even taking my memory to that year..this picture i took it in a function in Trivandrum. Our late Unniyettan was the NE at that time. He cooly given it back to me and told “you may need it later” . We published a routine picture PM behind the mike and the stage. I took this picture home and fixed it on my wall. After few months I was waiting in Chennai Appolo hospital for ailing MGRs photos. Few days earlier PM came there to visit MGR too and she was the only one who got a chance to see MGR in hospital. No outsider other than the hospital staff has seen Annan in bed.Neither Janaki nor Jayalaitha…

    Then the next day the news came to me that PM was shot dead. Since the picture was at home I arranged to remove from it from my wall and give to late Venukkurup. Of course he was a person who knew what to do with a good picture. May be a coincidence thatrthe paper also had the negative tone like my picture. The next day it was white paper so he reversed this same picture and this came black in white color. So it was first time in a news paper a picture used same size twice.

    • Poduvalji, I reckon those days, though we were only the beginners. Since I was aware of the fact that you had that page and picture I called you for it and could collect it. It is history in Indian journalism, I think. Though I had only little connection with Venukkurup, I remember all the incidents. Thanx for helping me by giving that page and photo.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.